തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ അനാവശ്യ സ്ഥലനാമ വിവാദം കുത്തിപ്പൊക്കി മറ്റ് സ്ഥാനാർഥികളുടെ സാധ്യതകളെ അട്ടിമറിക്കാൻ ശ്രമിച്ചയാളാണ് സുരേന്ദ്രനെന്ന് രാഷ്ട്രീയ നീരിക്ഷകൻ ശ്രീജിത്ത് പണിക്കർ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.
സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടമാക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയെക്കുറിച്ചാണ് ശ്രീജിത്ത് പറഞ്ഞത്. ഒരു എംപിക്ക് എങ്ങനെ സ്ഥലത്തിന്റെ പേര് മാറ്റാൻ കഴിയുമെന്നും അങ്ങ് പറഞ്ഞ് തരണമെന്നും എഫ്ബി പോസ്റ്റിൽ ശ്രീജിത്ത് ചോദിക്കുന്നുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് ഡസൻ സീറ്റ് കിട്ടിയാൽ തങ്ങൾ ഭരണത്തിലെത്തും എന്ന് പറഞ്ഞ് അന്നത്തെ സാധ്യതകളെയും ഇല്ലാതാക്കാൻ നോക്കി. സ്വന്തം അധ്വാനത്തിന്റെ ബലത്തിലാണ് സുരേഷ് ഗോപി ജയിച്ചതെന്നും അതിൽ സുരേന്ദ്രന് ഒരു പങ്കുമില്ലെന്നും ശ്രീജിത്ത് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
മകന്റെ കള്ളനിയമനം, തെരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം എന്നിവയിലൊക്കെ തള്ളിപറഞ്ഞതിൽ സുരേന്ദ്രന് തന്നോട് കലിപ്പുണ്ടാകുമെന്നും ശ്രീജിത്ത് പറഞ്ഞു. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ താങ്കൾക്കും സ്വീകാര്യത കിട്ടുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
ശ്രീജിത്തിന്റെ എഫ്ബി പോസ്റ്റ് ചുവടെ:-
“പ്രിയപ്പെട്ട ഗണപതിവട്ടജി,
നിങ്ങൾക്കെന്നോട് നല്ല കലിപ്പുണ്ടാകും. മകന്റെ കള്ളനിയമനം, തിരഞ്ഞെടുപ്പ് കാലത്തെ കുഴൽപ്പണം, തുപ്പൽ വിവാദം, സ്ഥലപ്പേര് വിവാദം ഇതിലൊക്കെ നിങ്ങളെ തള്ളിപ്പറഞ്ഞതിൽ നിങ്ങൾക്ക് നല്ല കലിപ്പുണ്ടാകും. സ്വാഭാവികം.
സ്വന്തം അധ്വാനത്തിന്റെ ബലത്തിൽ സുരേഷ് ഗോപി തൃശൂരിൽ ജയിച്ചപ്പോൾ അതിൽ പ്രത്യേകിച്ചൊരു പങ്കുമില്ലാത്ത നിങ്ങൾ എന്തിനാണ് എന്നോട് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.
സുരേഷ് ഗോപി തന്റെ മണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ, നേരിട്ട ആരോപണങ്ങളിലെ പൊള്ളത്തരങ്ങൾ ഇതേക്കുറിച്ചൊക്കെ ഞാൻ ചർച്ചകളിൽ പറഞ്ഞതിന്റെ പത്തിലൊന്ന് നിങ്ങൾ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ?
അനാവശ്യമായ ഒരു സ്ഥലനാമ വിവാദം കുത്തിപ്പൊക്കി, മറ്റ് സ്ഥാനാർഥികളുടെ കൂടി സാധ്യതകളെ അട്ടിമറിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. അല്ലെങ്കിൽ ഒരു എംപിക്ക് എങ്ങനെ ഒരു സ്ഥലത്തെ പുനർനാമകരണം ചെയ്യാൻ കഴിയുമെന്ന എന്റെ ചോദ്യത്തിന് മറുപടി പറയൂ. കഴിഞ്ഞതവണ സാധ്യതകൾ ഇല്ലാതാക്കാൻ ”മൂന്ന് ഡസൻ സീറ്റ്’’ എന്നതായിരുന്നു നിങ്ങളുടെ അവകാശവാദം.
പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ ആവോ? രണ്ടും നിഷേധിച്ചത് എന്റെ നിലപാട്. നിങ്ങളെയൊക്കെ മനസ്സിലാക്കാൻ രണ്ടാമതൊന്ന് നോക്കേണ്ടതില്ലല്ലോ.
മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകും.
ഒരു കാര്യത്തിൽ നന്ദിയുണ്ട്. സോഷ്യൽ മീഡിയയിൽ ചിലർ എനിക്ക് ചാർത്തിത്തന്ന ആ ചാപ്പ നിങ്ങളായിട്ട് തിരുത്തിയല്ലോ. സന്തോഷം!
പണിക്കർ’