പത്തനംതിട്ട: എട്ടുമാസമായി ശബരിമലയിൽ കെട്ടിക്കിടക്കുന്ന ആറരലക്ഷം അരവണ നീക്കുന്നതിൽ പ്രതിസന്ധി തുടരുന്നു. ടെണ്ടർ കൊടുത്ത ഏക കമ്പനി രണ്ടുകോടി രൂപയാണ് ആവശ്യപ്പെടുന്നത്. അതേസമയം, സന്നിധാനത്തെ ഹാളിൽ നിറച്ചിരിക്കുന്ന അരവണടിന്നുകളിൽ പലതും പൊട്ടി ദുർഗന്ധം വന്നുതുടങ്ങി.
സന്നിധാനത്തെ പ്രധാന ഗോഡൗണിൽ ഒന്നരവർഷമായി 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. അരവണയിൽ അടങ്ങിയിരിക്കുന്ന ഏലക്കയിലെ കീടനാശിനിക്കേസാണ് അത്രയും അരവണ നശിക്കാൻ കാരണം.
സുപ്രീംകോടതി അരവണ നശിപ്പിക്കാൻ പറഞ്ഞിട്ട് ഏട്ടുമാസം പിന്നിട്ടു. ടെണ്ടർ കഴിഞ്ഞ മാസമാണ് വിളിച്ചത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് ആദ്യ ടെണ്ടറിൽ പങ്കെടുത്തത്.
വീണ്ടും ടെണ്ടർ വിളിച്ചപ്പോൾ ഇതേ കമ്പനി മാത്രമാണ് വന്നതും. മൂന്നാം ടെണ്ടർ വിളിക്കാനാണ് ആലോചന. ടിന്നുകൾ പൊട്ടി പുറത്തുവന്ന അരവണ പുളിച്ച് ഗന്ധം വന്നാൽ മണം പിടിച്ച് ആനകൾ എത്താനുള്ള സാധ്യതയുണ്ട്.