2016 ലായിരുന്നു വിവാഹം. എനിക്ക് 26 വയസ്. ഞാനൊന്ന് ഗള്‍ഫില്‍ പോയി വന്ന സമയമായിരുന്നു. വീട്ടില്‍ തിരക്കിട്ട പെണ്ണന്വേഷണം. എന്റെ കൂട്ടുകാരന് സന്ദീപിന്റെ അനിയത്തിയുടെ വിവാഹത്തിന് പോയപ്പോഴാണ് മുബീനയെ കണ്ടത്. അങ്ങനെ വീട്ടുകാര്‍ വഴി ആലോചിച്ചു.
ഗള്‍ഫിലാണെന്നാണു പറഞ്ഞത്. പക്ഷെ കല്യാണം കഴിഞ്ഞ് ഞാന്‍ തിരിച്ചു പോയില്ല. അങ്ങനൊരു പ്ലാനും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞ സമയത്ത് വീട് പെയിന്റിംഗിന് പോകുമായിരുന്നു.
അതിനിടയിലാണ് കോമഡി സ്റ്റാഴ്സില് അവസരം കിട്ടിയത്. പിന്നെ പെയിന്റിംഗിന് പോകാന്‍ പറ്റാതായി. ചുറ്റുമുള്ളവരൊക്കെ വന്ന് ചോദിക്കും കോമഡി സ്റ്റാഴ്സിലെ ആളല്ലേ എന്ന്.
അങ്ങനെ ഫ്ളാറ്റുകളില്‍ പെയിന്റിംഗിന് പോയിത്തുടങ്ങി. അതാകുമ്പോള്‍ ആളുണ്ടാകില്ല. വീണ്ടും സിനിമയില്‍ അവസരങ്ങള്‍ വന്നു തുടങ്ങി. ട്രൂപ്പുകളിലും സജീവമായി. നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്.
ഇടക്കാലത്ത് സിനിമയില്‍ അവസരം നോക്കാന്‍ വേണ്ടി എറണാകുളത്ത് വന്ന് താമസിച്ചു. ഒരു മുറിയില്‍ എന്നെപ്പോലെ സിനിമാ മോഹികളായ 10-15 ചെറുപ്പക്കാർ. 200 രൂപ വച്ച് എല്ലാവരും ഷെയറിട്ടാണ് വാടക കൊടുത്തിരുന്നത്. ഇതൊരു നാലഞ്ച് വര്‍ഷം മുമ്പ് നടന്നതാണ്. -അസീസ് നെടുമങ്ങാട്