ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ സത്യപ്രതിജ്ഞചെയ്ത മന്ത്രിമാർ ചുമതലയേറ്റിട്ടും എൻഡിഎയിൽ ഘടകകക്ഷികളുടെ പ്രതിഷേധം അടങ്ങുന്നില്ല. മന്ത്രിസ്ഥാനത്തെച്ചൊല്ലി എൻസിപി അജിത് പവാർ പക്ഷത്തിനു പിന്നാലെ ശിവസേന ഷിൻഡേ വിഭാഗവും പരസ്യവിമർശനവുമായി രംഗത്തെത്തി.
എൻഡിഎയിൽ ഇരട്ടനീതിയാണെന്നു ഏക് നാഥ് ഷിൻഡെ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിൽ നേതാക്കൾ തുറന്നടിച്ചു. ബിജെപിയുടെ ദീർഘകാലമായുള്ള സഖ്യകക്ഷി എന്ന പരിഗണന പാർട്ടിക്കു കിട്ടിയില്ല. മുന്നണിയിൽ മൂന്നാമത്തെ ഒറ്റക്കക്ഷിയാണ് പാർട്ടി.
ഒന്നും രണ്ടും സീറ്റുകളുള്ള പാർട്ടികൾക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നൽകിയിട്ടും പാർട്ടിക്ക് കാബിനറ്റ് മന്ത്രി സ്ഥാനം നൽകിയില്ല. ലഭിച്ചതാകട്ടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം.
എൻസിപി അജിത് പവാർ പക്ഷത്തിനും പരിഗണന ലഭിച്ചില്ലെന്നു ഷിൻഡേ വിഭാഗം നേതാക്കൾ പറഞ്ഞു. എന്നാൽ, ബിജെപിക്കു നിരുപാധിക പിന്തുണ നൽകുമെന്നും വിലപേശാൻ ഇല്ലെന്നും ശ്രീകാന്ത് ഷിൻഡെ എംപി പറഞ്ഞു.
അതേസമയം, പുതിയ മന്ത്രിമാർ ഇന്നു രാവിലെ ഓഫീസുകളിൽ എത്തി ചുമതയേറ്റു. തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹമന്ത്രിമാരോടു നിർദേശിച്ചു.
മാറ്റങ്ങൾ നടപ്പാക്കുന്ന മേഖലകളിൽ തടസങ്ങൾ ഉണ്ടാകരുതെന്നും മന്ത്രിമാർക്ക് നിർദേശമുണ്ട്. കേരളത്തിൽനിന്നു മന്ത്രിസഭയിലെത്തിയ സുരേഷ് ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം-പ്രകൃതിവാതകം വകുപ്പുകളും ജോർജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറീസ്-മൃഗസംരക്ഷണം വകുപ്പുകളുമാണു ലഭിച്ചിരിക്കുന്നത്.