ചേർത്തല: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം മൂലം ഡ്രൈവിംഗ് സ്കൂൾ ഉടമകളെയും വർക്കർമാരെയും പട്ടിണിയിലാക്കിയെന്നാരോപിച്ച് ഗതാഗതമന്ത്രിക്കെതിരേ കരപ്പുറം രാജശേഖരൻ വേറിട്ട പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.
ഇന്നലെ രാവിലെ സിവിൽസ്റ്റേഷനു സമീപം “ഗതാഗതമന്ത്രി നീതി പാലിക്കുക’ എന്ന ബോർഡ് നെഞ്ചിൽ തൂക്കി അനശ്വരനായ വയലാർ രാമവർമയുടെ ഗാനങ്ങൾ ആലപിച്ചായിരുന്നു പ്രതിഷേധം.
നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ജോ. സെക്രട്ടറി കെ. സോമൻ അധ്യക്ഷത വഹിച്ചു.
അശാസ്ത്രീയമായ ഡ്രൈവിംഗ് പരിശീലനവും വിദ്യാർഥികൾക്ക് ലൈസൻസ് ലഭിക്കാൻ ഒമ്പതു മാസത്തോളമെടുക്കുന്ന സാഹചര്യത്തിലുമാണ് ഡ്രൈവിംഗ് സ്കൂൾ പ്രതിസന്ധിയിലായതെന്ന് കരപ്പുറം രാജശേഖരൻ പറഞ്ഞു.
വയലാർ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും കരപ്പുറം ഡ്രൈവിംഗ് സ്കൂൾ ഉടമയുമായ കരപ്പുറം രാജശേഖരൻ നിരവധി ഒറ്റയാൾ പ്രതിഷേധത്തിലൂടെ ശ്രദ്ധേയനാണ്.
നവകേരള സദസ് പ്രചാരണത്തിന് സ്ത്രീവേഷം അണിഞ്ഞ് കരപ്പുറം രാജശേഖരൻ ജനശ്രദ്ധേ നേടിയിരുന്നു. ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിജു, താലൂക്ക് സെക്രട്ടറി സാബു വിജയൻ എന്നിവരും പങ്കെടുത്തു.