തിരുവനന്തപുരം: കണ്ണൂരിൽ യുഡിഎഫ് വൻഭൂരിപക്ഷത്തിൽ ജയിക്കാൻ കാരണം സിപിഎം വോട്ടുകൾ കൂടി ലഭിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ധർമ്മടം, പയ്യന്നൂർ പോലുള്ള സിപിഎം കോട്ടകളിൽ സിപിഎമ്മിന്റെ വോട്ടുകൾ കൂട്ടത്തോടെ കോൺഗ്രസിലേക്ക് ഒഴുകിയെന്നും വി.ഡി. സതീശൻ ഒരു മാധ്യമത്തോടു സംസാരിക്കവെ പറഞ്ഞു.
കോൺഗ്രസ് സംഘടന സംവിധാനം നേരത്തേക്കാൾ പലയിടങ്ങളിലും മെച്ചപ്പെട്ടുവെങ്കിലും എന്തുചെയ്താലും അനങ്ങാത്ത സ്ഥലങ്ങളും സംസ്ഥാനത്തുണ്ട്. രണ്ടുവട്ടം തോറ്റിട്ടും സുരേഷ് ഗോപി അഞ്ച് വര്ഷം തൃശൂർ വിട്ട് പോകാഞ്ഞത് വോട്ടർമാരെ സുരേഷ് ഗോപിയിലേക്ക് അടുപ്പിച്ചോയെന്ന് പരിശോധിക്കണം.
പറവൂരിൽ തോറ്റപ്പോൾ താനും ഇതുപോലെയാണ് എംഎൽഎ സ്ഥാനത്തേക്ക് എത്തിയത്. കെ.മുരളീധരനുണ്ടെങ്കിലേ കോൺഗ്രസിന്റെ നേതൃത്വം പൂർണാകൂ. ഏതുവിധേനയും കെ.മുരളീധരനെ നേതൃത്വത്തിൽ സജീവമാക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന് പറഞ്ഞ പി.വി.അൻവറിനെ മുഖ്യമന്ത്രി തള്ളിപ്പറയുമെന്നാണ് താൻ പ്രതീക്ഷിച്ചത്.
താനായിരുന്നു ആ സ്ഥാനത്തെങ്കിൽ അൻവറിനെ ശാസിച്ചേനെ. അയാൾക്ക് വേണ്ടി മാപ്പ് പറഞ്ഞേനെ. ബിജെപി പോലും പറയാത്ത രീതിയിലാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിക്കെതിരെ സംസാരിച്ചതെന്നും സതീശൻ പറഞ്ഞു.