എടപ്പാൾ (മലപ്പുറം): തൃശൂരിലെ ജ്വല്ലറി ജീവനക്കാരനെ കൊല്ലത്തേക്കു വിളിച്ചുവരുത്തി ആക്രമിച്ച് കോടികൾ വിലമതിക്കുന്ന വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതികളടക്കം അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജിൽനിന്ന് ഇന്ന് രാവിലെയാണ് പ്രതികള്‍ അറസ്റ്റിലായത്.
ഇവരിൽനിന്നു വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു. പ്രതികളിൽ ഒരാൾ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. സംഭവത്തിന് സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
തൃശൂരിലെ ഒരു ജ്വല്ലറി വ്യാപാരിയുടെ ജീവനക്കാരനായ സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്ന വ്യാജേന വിളിച്ചു വരുത്തി സുരേഷ് കുമാറിന്റെ കൈയിൽ ഉണ്ടായിരുന്ന വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ സഹായിച്ചവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു. തുടർന്നുള്ള അനേഷണത്തിൽ ബാക്കി ഉള്ള ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നു വിവരം ലഭിച്ചു.
ഇതേത്തുടർന്ന് ചങ്ങരംകുളം പോലീസിന്റെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്. ഇവരിൽ ഒരാൾ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പടുകയായിരുന്നു.