കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴിലാളി ക്യാമ്പിലുണ്ടായ വന്‍ തീപിടിത്തത്തില്‍ മലയാളികളടക്കം 35 പേർ മരിച്ചതായി റിപ്പോർട്ട് . നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിൽ രണ്ടു മലയാളികളും ഒരു തമിഴ്നാട് സ്വദേശിയും ഉണ്ടെന്നാണ് സൂചന.
മാംഗെഫിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാമ്പിലാണ് അഗ്നിബാധയുണ്ടായത്. മലയാളികൾ ഉൾപ്പെടെ 195 പേർ ക്യാമ്പിലുണ്ടായിരുന്നു. ഇവിടുത്തെ സുരക്ഷാജീവനക്കാരന്റെ മുറിയിൽനിന്നാണ് തീ പടർന്നതെന്നാണു പ്രാഥമിക നിഗമനം.
പുലർച്ചെ നാലോടെ ആരംഭിച്ച തീ കെട്ടിടത്തിൽ ആളിപ്പടരുകയായിരുന്നു. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് നിരവധി പേര്‍ക്ക് പരിക്കേറ്റത്. പത്തോളം പേർ ഗുരുതര പരിക്കുകളോടെ അദാന്‍, ജാബിർ, ഫര്‍വാനിയ ആശുപത്രികളിൽ ചികിത്സയിലാണ്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.