കണ്ണൂർ: കണ്ണൂരിലെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സന്ദർശന ലിസ്റ്റിൽ ഇ.കെ. നായനാരുടെ ‘ശാരദാസും’ഉൾപ്പെട്ടതോടെ സിപിഎം നേതൃത്വം ഞെട്ടലിലായിരുന്നു. പ്രാദേശിക നേതൃത്വം സന്ദർശന തലേന്നുതന്നെ ശാരദ ടീച്ചറെ സന്ദർശിച്ചു. സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്നു ശാരദ ടീച്ചർ പറഞ്ഞെങ്കിലും രാഷ്ട്രീയമുണ്ടെന്നാണു സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ.
ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽപോലും എത്താതെയാണ് മാടായിക്കാവിലെ സന്ദർശനത്തിനു ശേഷം കല്യാശേരിയിൽ ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറെ കാണാൻ സുരേഷ് ഗോപി എത്തിയത്. ഉച്ചഭക്ഷണം ഉൾപ്പെടെ സുരേഷ് ഗോപിക്കുവേണ്ടി ശാരദാസിൽ തയാറാക്കുകയും ചെയ്തിരുന്നു.
സുരേഷ് ഗോപിയുടെ വരവറിഞ്ഞ് സ്ത്രീകളടക്കമുള്ള സിപിഎം പ്രവർത്തകർ ശാരദാസിൽ എത്തിയിരുന്നു. എന്നാൽ, സിനിമാതാരമായ സുരേഷ് ഗോപിയെ കാണാനാണു തങ്ങൾ എത്തിയതെന്നായിരുന്നു സ്ത്രീകൾ മാധ്യമങ്ങളോടു പറഞ്ഞത്. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നും ഇവർ പറഞ്ഞിരുന്നു.
ഇതിനിടെ, ടീച്ചറെ കാണാൻ വന്നത് ആത്മബന്ധത്തിന്റെ ഭാഗമായാണെന്ന് സുരേഷ് ഗോപി പറഞ്ഞെങ്കിലും “തൃശൂരിന് പുറമേ കണ്ണൂരും കൂടി നിങ്ങൾ എനിക്ക് തരണം” എന്ന് സുരേഷ് ഗോപി പറയുകയും ചെയ്തു. തെരഞ്ഞെടുപ്പിനു മുന്പ് തൃശൂരിലെന്നല്ല കണ്ണൂരിലും വേണ്ടിവന്നാൽ മത്സരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
സന്ദർശനത്തിൽ രാഷ്ട്രീയമില്ല: ശാരദ ടീച്ചർ
സുരേഷ് ഗോപിയും കുടുംബവുമായി വർഷങ്ങളായുള്ള സ്നേഹബന്ധമാണുള്ളത്. വീട്ടിൽ വരുന്നവരുടെ രാഷ്ട്രീയം ചോദിക്കാറില്ല. തിരക്കുകൾക്കിടയിലും എന്നെ കാണാൻ സുരേഷ് ഗോപി എത്തുന്നതിൽ സന്തോഷമുണ്ട്. കണ്ണൂരിൽ വരുന്പോൾ സുരേഷ് ഗോപി വിളിച്ചു പറയും-അമ്മാ ഭക്ഷണം വേണമെന്ന്. എന്നെ അമ്മയെന്നും സഖാവിനെ അച്ഛനെന്നുമാണ് സുരേഷ് ഗോപി വിളിക്കുന്നത്”