കൊച്ചി: ഓൺലൈൻ ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാതെ ഒഴിഞ്ഞുമാറുന്നത് സേവനത്തിലെ ന്യൂനതയെന്നു ചൂണ്ടിക്കാട്ടി ഇ-കൊമേഴ്സ് സ്ഥാപനമായ മിന്ത്ര 20,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
വിൽക്കുന്ന സ്ഥാപനവും ഉപയോക്താവും തമ്മിലുള്ള ഇടപാടിൽ ഇടനിലക്കാരൻ മാത്രമാണെന്നും നഷ്ടപരിഹാരം നൽകാനുള്ള ബാധ്യത തങ്ങൾക്കില്ലെന്നുമുള്ള മിന്ത്രയുടെ നിലപാട് നിരാകരിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതിയാണ് ഉത്തരവിറക്കിയത്.
എറണാകുളം പോണേക്കര സ്വദേശി ടി.എസ്. അനിൽകുമാർ, മിന്ത്ര ഓൺലൈൻ സ്ഥാപനത്തിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരൻ 5000 രൂപ ‘മിന്ത്ര ക്രെഡിറ്റ്’എന്ന പദ്ധതിയിൽ നിക്ഷേപിച്ചു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് എതിർകക്ഷി അതു റദ്ദാക്കി.
പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തങ്ങൾ ഇടനിലക്കാർ മാത്രമാണെന്നും എതിർകക്ഷിയുടെ ഉപാധികൾ പ്രകാരമാണ് തുക റദ്ദാക്കിയതെന്നും തുക കൈമാറ്റം ചെയ്യാൻ കഴിയില്ലന്നും മിന്ത്ര കോടതി മുമ്പാകെ ബോധിപ്പിച്ചു.
മൂന്നാം കക്ഷിയുടെ തെറ്റിന് ഇടനിലക്കാരായ ഇ- കൊമേഴ്സ് സ്ഥാപനത്തിന് ബാധ്യതയില്ലെങ്കിലും ഉത്തരവാദിത്വമുണ്ടെന്നു പ്രസിഡന്റ് ഡി.ബി. ബിനു, മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
5000 രൂപ എതിർകക്ഷി പരാതിക്കാരനു തിരിച്ചുനൽകണം. കൂടാതെ പതിനായിരം രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും പരാതിക്കാരനു നൽകാൻ കോടതി നിർദേശം നൽകി.