കോട്ടയം: പാലാ എല്‍ഡിഎഫില്‍ ശീതസമരമായി തുടങ്ങി പൊട്ടിത്തെറിയിലും കാലുവാരലിലും കലാശിച്ച വിഭാഗീയത അവസാനിപ്പിക്കാന്‍ സംസ്ഥാനതല ഇടപെടല്‍ വരുന്നു.എല്‍ഡിഎഫ് കണ്‍വീനറും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി പാലായിലെ ഇടതുകലാപത്തിന് അറുതിവരുത്താന്‍ മുന്നോട്ടിറങ്ങുകയാണ്.
കേരള കോണ്‍ഗ്രസ് ചെയര്മാന് ജോസ് കെ. മാണിയും സിപിഎം നേതാവ് ബിനു പുളിക്കക്കണ്ടവും തമ്മില്‍ മാത്രമല്ല വാര്‍ഡുതലങ്ങളില്‍ വരെ ഇരുകക്ഷികളും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ല. മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ എടുത്തതിനോടു യോജിക്കാത്ത ഒരു വിഭാഗം സിപിഎം, സിപിഐക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും ഭിന്നിപ്പ് പ്രകടമാക്കുന്നു.
കഴിഞ്ഞ തദേശ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ കാലുവാരല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂര്‍ണമായി. ജോസ് കെ. മാണിയുടെ പ്രചാരണാര്‍ഥം നടത്തിയ കുടുംബയോഗങ്ങളില്‍ സിപിഎം പലയിടങ്ങളിലും വിട്ടുനിന്നു.പാലായില്‍ വലിയൊരുഭാഗം സിപിഎം വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന് ലഭിച്ചെന്ന് സിപിഎം ജില്ലാ നേതൃത്വവും കണ്ടെത്തിയിരുന്നു.
ഇതേ വികാരവും നിസംഗതയും ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പിലും പാലായില്‍ പ്രകടമായിരുന്നു. പതിനായിരത്തിലേറെ സിപിഎം വോട്ടുകള്‍ പാലായില്‍ മറിഞ്ഞതായാണ് കേരള കോണ്‍ഗ്രസ് -എം പറയുന്നത്. പാലായില്‍ വോട്ടുചോര്‍ച്ച ഒഴിവാക്കാന്‍ മന്ത്രി വി.എന്‍. വാസവനും സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസലും നേരിട്ടു ഇടപെട്ടെങ്കിലും ഫലപ്രദമായില്ല. പാലായില്‍ ബിനു പുളിക്കക്കണ്ടത്തെ സിപിഎം പുറത്താക്കിയത് ഇത്തരത്തലുള്ള പല സംഭവങ്ങളുടെ തുടര്‍ച്ചയായാണ്.
നവകേരള സദസ് പാലായിലെത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് സ്ഥലം എംപികൂടിയായിരുന്ന തോമസ് ചാഴികാടനെ വേദിയില്‍ ശാസനസ്വരത്തില്‍ വിമര്‍ശിച്ചതില്‍ കേരള കോണ്‍ഗസിനുള്ളില്‍ വലിയ എതിര്‍പ്പ് രൂപംകൊണ്ടിരുന്നു. പാര്‍ട്ടിയിലെ യുവജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പിണറായിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. പൊതുസമൂഹം പിണറായിയുടെ നിലപാടിനെ എതിര്‍ത്തപ്പോഴും സിപിഎമ്മിലെ മാണി വിരുദ്ധര്‍ മുഖ്യമന്ത്രിയെ ശരിവച്ചു.
കെ. കരുണാകരന്റെ ഡിഐസി ഉള്‍പ്പെടെ ഒന്നിലേറെ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചശേഷമാണ് ബിനു പുളിക്കക്കണ്ടം സിപിഎമ്മില്‍ എത്തിയത്. 2020ലെ തദേശ തെരഞ്ഞെടുപ്പില്‍ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച ഏക കൗണ്‍സലറായ ബിനുവിന് നഗരസഭാ ചെയര്‍മാനാകാന്‍ ലഭിച്ച അവസരം ജോസ് കെ. മാണി തട്ടിക്കളഞ്ഞതായാണ് ആരോപണം. നഗരസഭയിലെ കേരള കോണ്‍ഗ്രസ് -എം അംഗം ജോസ് ചീരാംകുഴിയുടെ എയര്‍പോഡ് സഭാഹാളില്‍ മോഷണം പോയതും അടുത്തയിടെ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കി. അന്വേഷണത്തിനൊടുവില്‍ ബിനു പുളിക്കക്കണ്ടത്തിന്റെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.
ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെ ബിനു ചൊവ്വാഴ്ച രാവിലെ പരസ്യമായി വിമര്‍ശിച്ചതും വര്‍ധിച്ച ഭിന്നതയുടെ പ്രതിഫലനമായിരുന്നു. പാലാ സിപിഎമ്മില്‍ ബിനുവിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ഇപ്പോഴും സജീവമാണ്. ജോസ് കെ. മാണിക്കെതിരേ ഇന്നലെ പാലായില്‍ ഫ്ലക്സ് ഉയര്‍ത്തിയതും ഈ വിഭാഗത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നു. പാലാ മുന്നണി വിഭാഗിയതയ്ക്ക് അറുതിവരുത്താൻ സിപിഎമ്മില്‍ വൈകാതെ വെട്ടിനിരത്തലും പുറത്താക്കലുകളുമുണ്ടാകുമെന്ന് പറയപ്പെടുന്നു.
പാലായില്‍ മുന്‍പ് മൂന്നു തവണ മാണി സി. കാപ്പന് എന്‍സിപി സ്ഥാനാര്‍ഥിയായി എല്‍ഡിഎഫില്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ ഉറച്ചപിന്തുണ നല്കിപ്പോന്ന സിപിഎമ്മിലെ ഒരു വിഭാഗം കാപ്പന് യുഡിഎഫില്‍ എത്തിയപ്പോഴും പിന്തുണ തുടരുന്നതാണ് കേരള കോൺഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് പ്രധാന കാരണം.കേരളത്തില്‍ എല്‍ഡിഎഫ് തരംഗമുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ. മാണിയുടെ തോല്‍വി പാര്‍ട്ടിക്ക് വലിയ മാനക്കേടുണ്ടാക്കി.പാലായില്‍ എല്‍ഡിഎഫിലെ ഭിന്നത അടുത്തുവരുന്ന തദേശ തെരഞ്ഞെടുപ്പിലും തിരിച്ചടിയുണ്ടാക്കാവുന്ന സാഹചര്യത്തിലാണ് ഉന്നത ഇടപെടല്‍ വരുന്നത്.