പത്തനംതിട്ട: കുവൈറ്റില്‍ ലേബര്‍ ക്യാമ്പ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളിൽ അഞ്ച് പത്തനംതിട്ടക്കാര്. തിരുവല്ല സ്വദേശി തോമസ് സി. ഉമ്മന്റെയും മാത്യു ജോർജിന്റെയും മരണം കൂടി ഇന്നലെ രാത്രി സ്ഥിരീകരിച്ചു. പെരിങ്ങര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ മരോട്ടിമൂട്ടില്‍ ചിറയില്‍ ഉമ്മന്‍ – റാണി ദമ്പതികളുടെ മകനാണ് മരിച്ച തോമസ് സി. ഉമ്മന്‍ (37). നാലുവര്‍ഷം മുമ്പാണ് തോമസ് കുവൈറ്റില്‍ ജോലിക്കായി പോയത്.
പന്തളം സ്വദേശി ആകാശ് എസ്. നായര്‍, കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ്, വാഴമുട്ടം സ്വദേശി പി.വി. മുരളീധരന് എന്നിവരുടെ മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പന്തളം സ്വദേശി ആകാശ് എസ്. നായര്‍ കുഴഞ്ഞുവീണു മരിച്ചത്.
തീ പിടിത്തമുണ്ടായ കെട്ടിടത്തിന്റെ നാലാംനിലയില്‍ ആകാശും സുഹൃത്തുക്കളായ മൂന്ന് മലയാളികളുമാണ് താമസിച്ചിരുന്നത്.
പുക നിറഞ്ഞ കെട്ടിടത്തില്‍ നിന്ന് ആകാശും സുഹൃത്ത് ശങ്കരനും പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ആകാശ് കുഴഞ്ഞുവീഴുകയായിരുന്നു.
ഒരുവര്‍ഷം മുമ്പ് നാട്ടിലെത്തിയിരുന്ന ആകാശ് അടുത്ത ഓണത്തിനു വീണ്ടും വരാനുള്ള തയാറെടുപ്പിനിടെയാണ് ദുരന്തം. 22 വര്‍ഷമായി എന്പിടിസിയില് ജോലിക്കാരനായിരുന്നു മരിച്ച സജു വര്‍ഗീസ്. വാഴമുട്ടം സ്വദേശി പി.വി. മുരളീധരന് 30 വര്‍ഷമായി കുവൈറ്റിലാണ് ജോലി നോക്കുന്നത്. മരണമടഞ്ഞവരുടെ വീടുകള്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു.
പന്തളത്ത് ആകാശിന്റെ വീട്ടില്‍ നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മരിച്ചവരിൽ രണ്ടുപേര്‍ കോട്ടയം ജില്ലക്കാർ
കോട്ടയം: കുവൈറ്റിലെ മംഗെഫില്‍ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച രണ്ടുപേര്‍ കോട്ടയം ജില്ലക്കാര്‍. പാമ്പാടി ഇടിമാലിയില് സ്റ്റെഫിന് ഏബ്രഹാം സാബു (29), ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് ശ്രീഹരി പ്രദീപ് (27)എന്നിവരാണു മരിച്ചത്. സ്റ്റെഫിന് ഏബ്രാഹമിന്റെ മരണം ഇന്നലെ വൈകുന്നേരംതന്നെ സ്ഥിരീകരിച്ചിരുന്നു. ശ്രീഹരിയുടെ മൃതദേഹം ഇന്നു പുലര്‍ച്ചെയോടെയാണു തിരിച്ചറിഞ്ഞത്.
പാമ്പാടി വിശ്വഭാരതി കോളജിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇടിമാലിയില് സാബു ഏബ്രഹാമിന്റെയും ഷേര്‍ളിയുടെയും മകനാണ് സ്റ്റെഫിന്. നെടുംകുഴി ആര്‍ഐടിയിലെ പൂര്‍വ വിദ്യാര്‍ഥിയാണ് സ്റ്റെഫിന്. സഹോദരനൊപ്പം കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു.
ഇത്തിത്താനം ഇളങ്കാവ് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ്-ദീപ ദമ്പതികളുടെ മകനാണ് ശ്രീഹരി പ്രദീപ്. കഴിഞ്ഞ അഞ്ചിനാണ് ശ്രീഹരി ജോലിക്കായി കുവൈറ്റില്‍ എത്തിയത്. പിതാവ് പ്രദീപിനും കുവൈറ്റിലാണു ജോലി. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ് ശ്രീഹരി. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കുവൈറ്റിൽ മരിച്ചവരിൽ തലശേരി സ്വദേശിയും
തലശേരി: കുവൈറ്റിൽ തൊഴിലാളികളുടെ ക്യാന്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികളിൽ തലശേരി സ്വദേശിയും. ധർമടം കോർണേഷൻ സ്കൂളിനു സമീപത്തെ വാഴയിൽ ഹൗസിൽ വിശ്വാസ് കൃഷ്ണൻ (37) ആണ് മരിച്ചത്. എൻബിടിസി കന്പനിയിൽ ഡ്രാഫ്റ്റ്സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. പരേതനായ കൃഷ്ണൻ-ഹേമലത ദന്പതികളുടെ മകനാണ്. ഭാര്യ: പൂജ. മകൻ: ദൈവിക്.