പുനലൂർ: പ്രതീക്ഷകളോടെ വിദേശത്തെത്തിയ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടിത്തരിച്ച് നരിക്കൽ ഗ്രാമം. കേട്ട വാർത്ത സത്യമാകരുതേയെന്ന പ്രാർത്ഥനയിലായിരുന്നു കുടുംബം .നരിക്കൽ സാജൻ വില്ലയിൽ സാജൻ ജോർജ് (29) കുവൈറ്റിൽ എത്തിയിട്ട് 18 ദിവസമാകുന്നതേയുള്ളു.
പ്രവാസ ജീവിതം സ്വപ്നം കണ്ട യുവാവ് ഒടുവിൽ മരണത്തിന് കീഴടങ്ങിയപ്പോൾ ഒരു കുടുംബവും സ്വന്തം നാടുമെല്ലാം തീരാ ദു:ഖത്തിലായി. അപകടത്തിനു ശേഷം ഇന്ത്യൻ എംബസി പുറത്തുവിട്ട പേരുകളിൽ സാജന്റെ പേരും ഉണ്ടായിരുന്നു. പക്ഷെ ഏറെ വൈകിയാണ് സ്ഥിരീകരണമുണ്ടായത്.
എംടെക്കിൽ ബിരുദം നേടിയ സാജൻ അടൂരിലെ ഒരു സ്വകാര്യ കോളജിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. ഇതിനിടെ പോസ്റ്റ് ഓഫീസിലും താൽകാലികമായി ജോലി ചെയ്തു. അങ്ങനെയിരിയ്ക്കെ കുവൈറ്റിൽ ജോലി ശരിയായി.ഗൾഫിൽ ജോലി ചെയ്ത് നന്നായി ജീവിയ്ക്കണമെന്ന പ്രതീക്ഷയായിരുന്നു യുവാവിന്.
സാധാരണ കുടുംബത്തിലെ അംഗമായ സാജന് നാട്ടിൽ ഒരുപാട് സൗഹൃദങ്ങളുണ്ട്. ഇന്നലെ രാത്രി മരണവാർത്ത അറിഞ്ഞതോടെ നൂറുകണക്കിനാളുകൾ വീട്ടിലെത്തി.അലമുറയിട്ടു കരയുന്ന മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ ഏറെ പാടുപെട്ടു. മൃതദേഹം നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് കുടുംബം.