കൊച്ചി: എറണാകുളത്ത് പൊന്നുരുന്നിയിലും കളമശേരിയിലുമായി നടന്ന രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണം. മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തമ്മനം-പൊന്നുരുന്നി റെയില്‍വേ മേല്‍പ്പാലത്തില്‍ ബൈക്ക് യാത്രികരായ അച്ഛനും മകനുമാണ് മരിച്ചത്. ഇന്നലെ രാത്രി 11.30-നായിരുന്നു സംഭവം.
ചളിക്കവട്ടം ഹൈവേ ഗാര്ഡന് അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന തൈപ്പറമ്പില്‍ ഡെന്നി റാഫേല്‍ (46), മകന് ഡെന്നിസണ്‍ (11) എന്നിവരാണ് മരിച്ചത്. മദ്യലഹരിയില്‍ ആയിരുന്ന പാലക്കാട് കോങ്ങോട് സുജിത് ഓടിച്ച സ്കോര്‍പിയോ കാറാണ് ബൈക്കില്‍ ഇടിച്ചത്. കടവന്ത്രയില്‍നിന്ന് ഭക്ഷണം വാങ്ങി ചളിക്കവട്ടത്തെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഡെന്നിയും മകനും.
ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മഹേന്ദ്രയിലെ ജീവനക്കാരനായ സുജിത്തിനെ പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. മൃതദേഹങ്ങള്‍ എറണാകുളം ജനറല്‍ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പാലാരിവട്ടം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
കളമശേരിയിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പോത്ത് ബൈക്കിൽ ഇടിച്ചാണ് കണ്ണൂര്‍ സ്വദേശി അജയ് രമേഷിന്(22) ദാരുണാന്ത്യം സംഭവിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ എച്ച്എംടി ഭാഗത്തുവച്ചായിരുന്നു അപകടം. അജയ് ഓടിച്ച ബൈക്ക് പോത്തിനെ ഇടിക്കുകയായിരുന്നു.
ഉടന്‍തന്നെ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ ആറോടെ മരണം സംഭവിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിനി ദര്‍ശന മനോജിനെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവര്‍ ആശുപത്രിവിട്ടു. ബൈക്ക് ഇടിച്ച പോത്തും ചത്തു. കളമശേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.