ചാത്തന്നൂർ: കെഎസ്ആർടിസി കുപ്പിവെള്ളം കച്ചവടം തുടങ്ങുന്നു. സർക്കാർ സംരംഭമായ കെഐഐഡിസിയുടെ ഹില്ലി അക്വാകുപ്പി വെള്ളമാണ് കെഎസ്ആർടിസി വില്പന നടത്തുന്നത്. ഇതിനായി ഹില്ലി അക്വാ കമ്പനി അധികൃതരുമായി കെഎസ്ആർടിസി കരാറിലേർപ്പെട്ടു. തൊട്ടടുത്ത ദിവസങ്ങളിൽതന്നെ കുപ്പിവെള്ളം കച്ചവടം ആരംഭിക്കും.
കെഎസ്ആർടിസിയുടെ സർവീസ് ബസുകൾ ഡിപ്പോകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലൂടെയാണ് കുപ്പിവെള്ളം വില്പന. യാത്രക്കാർക്കും പൊതുജനങ്ങൾക്കും വെള്ളം വിതരണം ചെയ്യും. 15 രൂപയാണ് കുപ്പിവെള്ളത്തിന്റെ വില.
വെള്ളം വില്പന നടത്തുന്ന ജീവനക്കാർക്ക് കുപ്പി വെള്ളം ഒന്നിന് മൂന്നു രൂപ വീതംഇൻസെന്റീവായി ലഭിക്കും. വെള്ളം വില്പന കെഎസ്ആർടിസിക്കു മാത്രമല്ല, ജീവനക്കാർക്കും അധിക വരുമാനമാർഗമാകും.
സർവീസ് നടത്തുന്ന ബസുകളിലെ കണ്ടക്ടർ, ഡ്രൈവർമാർ എന്നിവരാണ് ബസുകളിൽ വെള്ളം വില്പന നടത്തുക. ഡിപ്പോകളിലും ബസ് സ്റ്റേഷനുകളിലും ഡ്യൂട്ടിയിലുള്ള സ്റ്റേഷൻമാസ്റ്റർ മാർക്കാണ് വെള്ളം വില്പനയുടെ അധികാരം. വർക്ക് ഷോപ്പുകളിൽ വെഹിക്കിൾ സൂപ്പർവൈസർ, സെക്യൂരിറ്റി ഗാർഡ്, ഡ്യൂട്ടിയിലുള്ള സിഎൽആർ വിഭാഗം ജീവനക്കാർ എന്നിവർക്കും വെള്ളം വില്ക്കാം.
കുപ്പിവെള്ളം കച്ചവടം തൊട്ടടുത്ത ദിവസങ്ങളിൽതന്നെ ആരംഭിക്കും. ഓരോ യൂണിറ്റിനും ആവശ്യമുള്ള കുപ്പിവെള്ളത്തിന്റെ ഓർഡർ കൊമേഴ്സ്യൽ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെടുന്നതനുസരിച്ച് കുപ്പിവെള്ളം എത്തിച്ചുകൊടുക്കും.
കുപ്പിവെള്ളം കച്ചവടത്തിലൂടെ കൂടുതൽ വരുമാനം ഉറപ്പാക്കാൻ മാർക്കറ്റിംഗ് പ്ലാൻ തയാറാക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമാണ് കുപ്പിവെള്ളം കച്ചവടവും.
പ്രദീപ് ചാത്തന്നൂർ