കൊച്ചി: സ്വപ്നങ്ങളുടെ ചിറകിലേറി വിദേശത്തേക്ക് പറന്ന ഒരുപറ്റമാളുകൾ. ചൂടും മഴയും വകവെയ്ക്കാതെ രാപ്പകലന്തിയോളം ഉറ്റവർക്കായി പണിയെടുത്ത പ്രവാസികൾ. ഒരൊറ്റ നിമിഷംകൊണ്ട് ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ ഒരുകൂട്ടം ആളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് തകർത്തെറിഞ്ഞത്.
കുവൈത്തിലെ ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച 33 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോൾ തണുത്ത് വിറങ്ങലിച്ച് ഒരുപെട്ടിക്കുള്ളിൽ കിടക്കുന്ന ഉറ്റവരുടെ മുഖമൊന്നു കാണാൻ സാധിക്കാതെ ബന്ധുക്കൾ തേങ്ങലോടെ മൃതശരീരത്തിനരികെ കാത്തിരിക്കുന്ന കാഴ്ച കണ്ടുനിൽക്കാൻ പോലുമാവാത്തതാണ്.
ലേബർ ക്യാംപിലുണ്ടായ തീപിടുത്തത്തിൽ പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് മിക്കവരുടേയും ശരീരങ്ങൾ.
അതിനാൽത്തന്നെ പെട്ടി തുറന്ന് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം അവസാനമായൊന്ന് കാണാൻ പോലും ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ സാധിക്കില്ല.
പെട്ടിക്കു മുകളിൽ പതിച്ച മരണപ്പെട്ടവരുടെ ഫോട്ടോയിൽ നോക്കി അലമുറയിടുന്ന വീട്ടുകാരെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിസഹായകരായി വിതുമ്പലോടെ ചുറ്റുമുള്ളവർ നിൽക്കുന്നു. ഉടൻതന്നെ ഇവരുടെ മൃതദേഹം അവരവരുടെ വീടുകളിലേക്കെത്തിക്കും.