കൊച്ചി: “ഓഗസ്റ്റ് 18ന് കൊച്ചുമോള് ഐറിന്റെ ഒന്നാം പിറന്നാളാണ്. അത് ഭംഗിയായി ആഘോഷിക്കാമെന്നു പറഞ്ഞാണ് ജനുവരി 22ന് എന്റെ മോന് വീട്ടില്‍നിന്ന് പോയത്. അതിനുള്ള തയാറെടുപ്പിലായിരുന്നു അവന്.
എന്നാല്‍ ഐറിന് പിറന്നാള്‍ സമ്മാനം നല്കാന് അവളുടെ പപ്പ ഇനി ഒരിക്കലുമെത്തില്ല എന്ന കാര്യം എനിക്ക് ഇതുവരെ ഉള്‍ക്കൊള്ളാനാകുന്നില്ല …’ – നെടുമ്പാശേരി വിമാനത്താവളത്തിനു പുറത്തിരുന്ന് ഇതു പറയുമ്പോള്‍ പത്തനംതിട്ട കീഴ് വായ്പൂര് തേവരോട്ട് എബ്രഹാം വാക്കുകള്‍ കിട്ടാതെ വിതുമ്പി. തന്റെ മകന് സിബിന് ടി. എബ്രഹാമിന്റെ ചേതനയറ്റ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയതായിരുന്നു ഈ അച്ഛന്.
എട്ടുവര്‍ഷമായി സിബിന് ഈ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. പിതാവ് എബ്രഹാമും 18 വര്‍ഷം ഈ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വര്‍ഷം മുമ്പാണ് അദ്ദേഹം ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നത്.”കെട്ടിടത്തിന് തീപിടിച്ചെന്നും നിരവധിപ്പേര്‍ അതില്‍പ്പെട്ടെന്നും അറിഞ്ഞിരുന്നു. പക്ഷേ മകന് രക്ഷപ്പെട്ടിരിക്കും എന്ന പ്രതീക്ഷയിലായിരുന്നു ഞാന്‍.
എന്നാല്‍ ആ പ്രതീക്ഷ ഞൊടിയിടയിലാണ് അവസാനിച്ചത്. ഞാന്‍ കിടന്നുറങ്ങിയിരുന്ന കുവൈറ്റിലെ അതേ മുറിയില്‍ തന്നെയായിരുന്നും എന്റെ മോനും. തീപിടിത്തം ഉണ്ടാകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഭാര്യ അഞ്ജുവുമായി ഒന്നര മണിക്കൂറോളം സിബിന് ഫോണില്‍ സംസാരിച്ചിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് യാത്രയാക്കാനെത്തിയ സ്ഥലത്ത് അവന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനാണ് എന്റെ വിധി…’-എബ്രഹാമിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
പത്തു മാസങ്ങള്‍ക്കു മുമ്പാണ് സിബിന്റെ മാതാവ് മരിച്ചത്. എട്ടു മാസം മുമ്പ് ഭാര്യ മാതാവും മരിക്കുകയുണ്ടായി. ഈ രണ്ടു ചടങ്ങിനും സിബിന് എത്തിയിരുന്നു. ഐറിന്റെ മാമോദീസയും നടത്തിയശേഷം ഫെബ്രുവരിയിലാണ് സിബിന് കുവൈത്തിലേക്ക് മടങ്ങിയത്. എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് എത്താമെന്നു പറഞ്ഞായിരുന്നു അന്ന് സിബിന്റെ മടക്കം.
ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ് അത് അന്ത്യയാത്രയാകുമെന്ന് അന്നാരും കരുതിയിരുന്നില്ല. സിബിന്റെ സംസ്കാരം സഹോദരി ഭർത്താവ് കുവൈറ്റിൽനിന്ന് എത്തിയശേഷം തിങ്കളാഴ്ച നടക്കും.
സീമ മോഹന്‍ലാല്‍