എട്ടു സഹോദരിമാർക്ക് ഒരു സഹോദരൻ. അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ സഹോദരിമാരാണ് അവനെ വളർത്തിയത്. ഒറ്റ ആങ്ങളയുടെ കല്യാണം ആർഭാടമാക്കി നടത്താനും സഹോദരിമാർ തീരുമാനിച്ചു.
വിവാഹവേദിയിൽ വച്ചു സഹോദരന്റെയും വധുവിന്റെയും കഴുത്തിൽ അവർ വലിയ മാലകൾ അണിയിച്ചു. പൂമാലയല്ല, നോട്ടുമാല. മാലയിലുണ്ടായിരുന്നത് 16,000 ചൈനീസ് യുവാൻ. ഏകദേശം 18 ലക്ഷം രൂപ.
മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിലെ ഷിയാനിൽ കഴിഞ്ഞമാസം അവസാനമായിരുന്നു വിവാഹച്ചടങ്ങ്. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോ ചൈനയ്ക്കകത്തും പുറത്തും വൈറലായിരിക്കുകയാണ്. വരന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരെല്ലാം വലിയ പണക്കാരാണ്. അവരാണു വിവാഹം നടത്തിയതെന്നു വീഡിയോ പകർത്തിയ അതിഥി പറയുന്നു.
വിവാഹസമ്മാനമായി സഹോദരിമാർ നോട്ടുമാല അണിയിക്കുന്ന കാര്യം വരൻ അറിഞ്ഞിരുന്നില്ലെന്നും അതിനാൽ അവനത് വലിയ സർപ്രൈസായിരുന്നുവെന്നും വീഡിയോയിൽ പറയുന്നുണ്ട്.
ചൈനയിലെ ചില പ്രദേശങ്ങളിൽ ആൺകുട്ടികൾക്കു വലിയ പ്രാധാന്യമാണത്രെ. സഹോദരന്മാർക്ക് വേണ്ടി ത്യാഗം ചെയ്യാൻപോലും രക്ഷിതാക്കൾ പെൺമക്കളോട് ആവശ്യപ്പെടാറുണ്ടെന്നും പറയുന്നു.