തൃശൂർ: കുവൈറ്റിലേക്ക് ഒറ്റ ദിവസത്തേക്കു മന്ത്രി പോയിട്ട് എന്തു കാര്യം. ചുരുങ്ങിയ മണിക്കൂറുകൾ ചെലവിടാൻ മന്ത്രി പോയിട്ടു കാര്യമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റിലേക്കുള്ള യാത്ര കേന്ദ്രസർക്കാരിന്റെ അനുമതി കിട്ടാത്തതിനാൽ റദ്ദാക്കിയതിൽ പ്രതികരണവുമായി ഗവർണർ.
കേന്ദ്രമന്ത്രി കുവൈറ്റിൽ പോയി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. എല്ലാ മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടിരുന്നു. വീണാ ജോർജിനു കേന്ദ്രം അനുമതി നിഷേധിച്ചതിന്റെ നിയമവശമറിയില്ലെന്നും അദ്ദേഹം തൃശൂരിൽ പറഞ്ഞു.
ഒരുമാസം മുൻപേ ഒരുക്കങ്ങൾ തുടങ്ങിയ ലോക കേരളസഭയ്ക്കു മൂന്നുദിവസം മുന്പാണ് ക്ഷണിച്ചത്. ഇതിനു മുൻപു നടന്ന ലോക കേരളസഭയിലൊന്നും ക്ഷണമുണ്ടായിരുന്നില്ല. ഗവർണറുടെ സ്ഥാനത്തിനു വില കല്പിക്കുന്നില്ല. അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിനു പോകണം- അദ്ദേഹം ചോദിച്ചു.