മലയാള സിനിമയിലെ മുന്‍നിര നായികയാണ് മംമ്ത മോഹന്‍ദാസ്. രണ്ട് പതിറ്റാണ്ടോളം എത്തിനില്‍ക്കുന്ന കരിയറില്‍ മലയാളത്തില്‍ മാത്രമല്ല, മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചു.
ഇപ്പോഴിതാ, ഒരിടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരികെ വരികയാണു താരം. വിജയ് സേതുപതിയ്ക്കൊപ്പമുള്ള മഹാരാജയാണ് മംമ്തയുടെ പുതിയ സിനിമ.
തമിഴ് സിനിമയില്‍ വന്ന ഇടവേളയെക്കുറിച്ചു മംമ്തയുടെ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തനിക്ക് അസുഖമാണെന്നു കരുതിയാണ് പല തമിഴ് സിനിമകളും തന്നിലേക്ക് എത്താതെ പോകുന്നതെന്നാണ് മംമ്ത പറയുന്നത്. ഒരഭിമുഖത്തിലായിരുന്നു മംമ്ത മനസു തുറന്നത്.
തമിഴില്‍നിന്ന് എന്നെ അന്വേഷിക്കുമ്പോള്‍ അവള് ഇവിടെയില്ല, അവള് യുഎസിലാണ്, അവളുടെ ആരോഗ്യം മോശമാണ് എന്നൊക്കെയാണ് കേള്‍ക്കുന്നതെന്ന്. ഞാന്‍ തൊട്ടപ്പുറത്തെ സംസ്ഥാനത്തുണ്ടാകും. നോണ്‍ സ്റ്റോപ്പ് ആയി ഷൂട്ട് ചെയ്യുകയായിരിക്കും. കുറച്ചെങ്കിലും റിസര്‍ച്ച് ചെയ്യണ്ടേ. ഞാനും അമ്മയുമാണ് എല്ലാം ചെയ്യുന്നത്.
ഇത്രയും വര്‍ഷമായിട്ടും എന്നെ പ്രതിനിധീകരിക്കാന്‍ ആരുമില്ല. ഇപ്പോഴാണ് എനിക്കൊരു ടീമൊക്കെയാകുന്നതത്. ആളുകള്‍ ഇപ്പോഴും കരുതുന്നത് ഞാന്‍ ഇവിടെയില്ലെന്നും എന്നിലേക്ക് എത്താന്‍ സാധിക്കില്ല എന്നുമാണ്. ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാകുന്നത് ആരോഗ്യപകരമല്ല.
ഡേറ്റ് ഇല്ല എന്നല്ല എന്നെക്കുറിച്ച് കേള്‍ക്കുന്നത്. കൂടുതലും കേള്‍ക്കുന്നത് അവള്‍ക്ക് സുഖമില്ല എന്നാണ്. മംമ്തയ്ക്ക് ഇപ്പോഴും സുഖമില്ല എന്നതാണ് എന്നിലേക്കു വരുന്നതിനെ തട്ടിയകറ്റാനുള്ള എളുപ്പമാര്‍ഗം. അയാം നോട്ട് സിക്ക്. ആ വിശേഷണം മാറ്റേണ്ടതുണ്ട്. ഞാന്‍ ഇവിടെ തന്നെയുണ്ട്. ഞാന്‍ സിനിമകള്‍ ചെയ്യുന്നുമുണ്ട്.
പക്ഷെ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ ചൂസിയാകാനുള്ള സമയമാണ്. അങ്ങനെ ഞാന്‍ ഇവിടെ ഉണ്ടെന്ന് ആളുകളെ അറിയിക്കാണ് എനിമി എന്ന സിനിമ ചെയ്തത്. നല്ല ടീമുമായിരുന്നു. ആളുകളെ ഒന്ന് ഓര്മപ്പെടുത്താന്. അതിന് ശേഷം എന്നെ തേടി സിനിമകള്‍ വരികയും ചെയ്തു- മംമ്ത പറഞ്ഞു.