നല്ല തണുത്ത വെള്ളം കിണറിൽ നിന്ന് തന്നെ കോരി കുടിക്കാമെന്ന് കരുതി കിണറ്റിൻ കരയിലേക്കെത്തിയതാണ് കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാർ.
ഒന്നും നോക്കാതെ ഒറ്റക്കോരിന് ഒരു തൊട്ടി വെള്ളമിങ്ങെടുത്തു. കുടിക്കാനായി നോക്കിയപ്പോഴതാ വെള്ളത്തിന്റെ നിറം നീല. മരക്കാർ ഉടൻ തന്നെ വീട്ടിലുള്ള മറ്റംഗങ്ങളെ വിളിച്ച് കാണിച്ച് കൊടുത്തു. ആർക്കും തന്നെ വെള്ളത്തിന്റെ നിറം നീല ആയതിന്റെ കാരണം മനസിലായില്ല.
പത്തടിയോളം ആഴമുള്ള കിണറാണത്. കിണറിന് അള്‍മറയുള്ളതും വലയിട്ട് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നതായിരുന്നു മരക്കാർ. ഉടൻതന്നെ ഇക്കാര്യത്തെക്കുറിച്ച് ഇദ്ദേഹം പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചു. തുടർന്ന് അവർ സ്ഥലത്തെത്തി പരിശോധന നടത്തി.
മടവൂര്‍ പഞ്ചായത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനഘയും സംഘവുമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
പരിശോധനാഫലം വന്നാല്‍ മാത്രമേ നിറം മാറ്റത്തിന്റെ കാരണം അറിയാന്‍ സാധിക്കു എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വെള്ളത്തിന്റെ നിറം മാറ്റം കാണാന്‍ മരക്കാറുടെ വീട്ടിലേക്ക് ആളുകളുടെ സന്ദര്‍ശക പ്രവാഹമാണ്.