കട്ടപ്പന: ഭാര്യാവീട്ടിലെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ ഇന്നു സംഭവ സ്ഥലത്തെത്തിച്ചു വിശദമായ തെളിവെടുപ്പു നടത്തും. സുവർണഗിരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണു മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഭാര്യാവീട്ടിലെത്തിയ സുബിനെ കോടാലി കൊണ്ടു ബാബു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബാബുവിനെതിരേ നിരവധി പരാതികൾ നേരത്തേ പോലീസിൽ ലഭിച്ചിട്ടുള്ളതാണ്. ഗുരുതരമായി പരിക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാബുവും കൊല്ലപ്പെട്ട സുബിനും തമ്മിൽ വാക്കുതർക്കം ഉണ്ടായതായി ബാബുവിന്റെ മാതാവ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഇതിനു ശേഷം പ്രതി വീടിനുള്ളിൽനിന്നു കോടാലി എടുത്ത് സുബിനെ ദേഹമാസകലം വെട്ടുകയായിരുന്നു.ലഹരിക്കടിമയായ ബാബു ആക്രമണത്തിനു ശേഷം വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു.
പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെയും ബാബു ആക്രമിച്ചു.ആയുധം കൊണ്ടുള്ള ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഉദയകുമാറിന്റെ കൈയ്ക്കു പരിക്കേറ്റു. തുടർന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
ഗർഭിണിയായ ഭാര്യ ലിബിയയെ കാണാനായാണ് സുബിൻ ഇവിടെയെത്തിയത്. വയറിംഗ്, ഇലക്ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് സുബിൻ. എസയാണ് ഏകമകൾ.