ലണ്ടൻ: സീസണിലെ ഏക പുൽകോർട്ട് ഗ്രാൻസ്ലാം ടെന്നീസ് ടൂർണമെന്റായ വിംബിൾഡണിൽനിന്ന് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാൽ പിന്മാറി. ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽത്തന്നെ നദാൽ പരാജയപ്പെട്ട് പുറത്തായിരുന്നു.
22 ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളുള്ള നദാൽ, പരിക്കിനെത്തുടർന്ന് പഴയ ഫോമിലേക്ക് എത്താൻ സാധിക്കാതെ വിഷമിക്കുകയാണ്. പാരീസ് ഒളിന്പിക്സിനുവേണ്ടി തയാറെടുക്കാനാണ് വിംബിൾഡണിൽനിന്ന് നദാൽ വിട്ടുനിൽക്കുന്നത്.
2024 പാരീസ് ഒളിന്പിക്സിൽ പുരുഷ ഡബിൾസിൽ നദാലും നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവായ കാർലോസ് അൽകരാസും ഒന്നിച്ച് ഇറങ്ങും. 2008 ഒളിന്പിക്സിൽ സിംഗിൾസിലും 2016ൽ ഡബിൾസിലും നദാൽ സ്വർണം നേടിയിട്ടുണ്ട്.
വിംബിൾഡണ്‍ രണ്ട് തവണ സ്വന്തമാക്കിയിട്ടുണ്ട് നദാൽ. 2024 വിംബിൾഡണ്‍ ജൂലൈ മൂന്ന് മുതൽ 16വരെയാണ്. പാരീസ് ഒളിന്പിക്സ് ജൂലൈ 26 മുതൽ ഓഗസ്റ്റ് 11വരെയാണ് അരങ്ങേറുക.