റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെക്കൻ ഇറ്റലിയിലെ അപുലിയ ജില്ലയിൽപെട്ട സാവെല്ലത്രി പട്ടണത്തിലെ ബോർഗോ എഗ്നാസിയ റിസോർട്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയിലാണു മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിനു മോദി ക്ഷണിച്ചത്.
ജി 7 ഉച്ചകോടിയുടെ ഭാഗമായി മാർപാപ്പയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതൽ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായും, ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
മാർപാപ്പയെ ആശ്ലേഷിച്ചാണു പ്രധാനമന്ത്രി മോദി സൗഹൃദം പങ്കുവച്ചത്. ഉച്ചകോടിയിൽ, നിർമിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു സംസാരിച്ചു.
നയതന്ത്രബന്ധം തുടങ്ങിയ 1948 മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദി-മാർപാപ്പ കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
ഏഷ്യയിലെ രണ്ടാമത്തെ വലിയ കത്തോലിക്കാ വിശ്വാസസമൂഹമായ ഇന്ത്യയിൽ മാർപാപ്പ അടുത്തവർഷം സന്ദർശനം നടത്തിയേക്കുമെന്നാണു പ്രതീക്ഷ. 2021 ഒക്ടോബറിൽ വത്തിക്കാനിൽവച്ച് മാർപാപ്പയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു
.ജി-7 ഉച്ചകോടിക്കെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.
യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിന് ഇന്ത്യ പിന്തുണ നൽകുമെന്ന് സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിൽ മോദി വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് മക്രോണുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതാണെന്ന് മോദി പറഞ്ഞു.
പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, നിർമിതബുദ്ധി, സമുദ്രതല വാണിജ്യം തുടങ്ങിയവയും ചർച്ചവിഷയമായി. പാരീസ് ഒളിന്പിക്സിന് ആശംസ അറിയിച്ചെന്നും മോദി കൂട്ടി ച്ചേർത്തു.
ബ്രിട്ടനുമായുള്ള സഹകരണം മൂന്നാം എൻഡിഎ സർക്കാരിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഋഷി സുനാക്കുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുടെ ക്ഷണപ്രകാരമാണ് മോദി ജി-7 ഉച്ചകോടിയിൽ പങ്കെടുത്തത്.