ചാത്തന്നൂർ: കെഎസ്ആർടിസി ജീവനക്കാരെ തൊട്ടുകളിക്കരുെതെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ മുന്നറിയിപ്പ്. യാത്രക്കാരോ പൊതുജനങ്ങളോ നിയമം കൈയിലെടുക്കേണ്ടതില്ല.
അത്തരം സാഹചര്യങ്ങളെ ഉചിതമായി കൈകാര്യം ചെയ്യേണ്ടത് കെഎസ്ആർടിസി മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. പൊതുജനങ്ങൾ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ഏതെങ്കിലും മോശം പെരുമാറ്റമോ അവരെക്കുറിച്ചുള്ള പരാതികളോ പരിശോധിക്കുവാനും പരിഹരിക്കുവാനും മാനേജ്മെന്റിന് അധികാരവും ശരിയായ മാർഗവുമുണ്ട്.
ഇതിലൂടെ ശരിയായ നടപടിക്രമങ്ങളും നിയമങ്ങളും പാലിച്ച് പരാതിക്കാർക്ക് നീതി ലഭിക്കുന്നുണ്ടെന്നും ഏത് പ്രശ്നങ്ങളും ന്യായമായും വ്യവസ്ഥാപിതമായും പരിഹരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ യാത്രക്കാരോ പൊതുജനങ്ങളോ നിയമം കയ്യിലെടുക്കാൻ ശ്രമിക്കരുത്.
9188619380 എന്ന വാട്സ്ആപ്പ് നമ്പറിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുന്ന പരാതികളിൽ കൃത്യമായ അന്വേഷണവും ഉചിതമായ നടപടിയും ഉറപ്പുതരുന്നു എന്നും മന്ത്രി പൊതു ജനങ്ങൾക്കുള്ള വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
കെഎസ് ആർ ടി സി ബസുകൾ തടഞ്ഞു നിർത്തി ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗതാഗത മന്ത്രിയുടെ മുന്നറിയിപ്പ്.
ഗണേഷ് കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ എസ് ആർടിസിയിലെ എല്ലാ വിഭാഗം ജീവനക്കാരുമായി പ്രത്യേകം പ്രത്യേകം സംവേദനം നടത്തിയിരുന്നു. അതിന് ശേഷമാണ് പൊതുജനങ്ങൾക്ക് താക്കീതിന്റെ സ്വഭാവത്തിലുള്ള മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴോ റാഷ് ഡ്രൈവിംഗിനെക്കുറിച്ചോ പരാതികൾ ഉണ്ടാകുമ്പോൾ പരാതികൾ അറിയിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.9188619380 എന്ന വാട്സ് ആപ് നമ്പരിൽ പരാതികൾ അറിയിക്കാവുന്നതാണ്.
പ്രദീപ് ചാത്തന്നൂർ