കോഴിക്കോട്: പാവപ്പെട്ട രോഗികൾക്കു വിലക്കുറവിൽ മരുന്നുകൾ നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ സ്ഥാപിച്ച ജൻ ഔഷധി സ്റ്റോറുകളിൽ ചിലതിൽ മറ്റു കന്പനികളുടെ വില കൂടിയ മരുന്നുകൾ വിൽക്കുന്നു. ജൻ ഔഷധി ഇറക്കുന്ന മരുന്നുകൾക്കു പകരം അതിനേക്കാൾ വില കൂടിയതും കമ്മീഷൻ കൂടുതൽ ലഭിക്കുന്നതുമായ ജനറിക് മരുന്നുകളാണ് ഇവർ വിൽക്കുന്നത്.
എന്നാൽ ചില ജൻഔഷധി ഔട്ട്ലെറ്റുകൾ ഇതു വാങ്ങാതെ പുറത്തുനിന്നുള്ള കന്പനികളുടെ മരുന്ന് സ്റ്റോക്ക് ചെയ്ത് പത്തു രൂപ മുതൽ 20 രൂപ വരെ കൂടുതൽ ഈടാക്കിയാണു വിൽക്കുന്നത്.ഉദാഹരണത്തിന് പ്രമേഹ രോഗികൾ കഴിക്കുന്ന വിൽഡാഗ്ലിപ്റ്റിൽ 50 മില്ലിഗ്രാം ഗുളികയ്ക്ക് 15 എണ്ണത്തിന്റെ ഒരു പാക്കറ്റിന് 35 രൂപയാണ് ജൻഔഷധി ഉത്പന്നത്തിന്റെ വില.
കോഴിക്കോട്ടെ ഒരു ജൻഔഷധി സ്റ്റോറിൽ നിന്നു ഈ മരുന്ന് അന്വേഷിച്ചപ്പോൾ ലീഫോർഡ് എന്ന കന്പനിയുടെ മരുന്നിന് അവർ ഈടാക്കിയത് 46 രൂപയാണ്. അതുപോലെ ഹൃദ്രോഗികൾ കഴിക്കുന്ന റോസ്വാ ഗോൾഡ് എന്ന മരുന്നും 15 എണ്ണത്തിന്റെ പാക്കറ്റിന് ജൻഔഷധി സ്റ്റോർ 69 രൂപ വിലയുള്ളപ്പോൾ ചില ജൻഔഷധി സ്റ്റോറുകൾ ഇതിനു പകരം പുറത്തുനിന്നുള്ള കന്പനികളുടെ മരുന്നെടുത്ത് 10 എണ്ണത്തിന്റെ പാക്കറ്റിന് 69 രൂപ മുതൽ ഈടാക്കിയാണ് നൽകുന്നത്.
ജൻഔഷധിയുടെ ഡൈക്ളോഫെനാക്ക് അടങ്ങിയ വേദനസംഹാരി ജെല്ലിന് വെറും 24 രൂപയാണ് വില. എന്നാൽ ചില ജന്ഔഷധി സ്റ്റോറുകളിൽ ഇതിനു പകരം മുപ്പതു മുതൽ 35 രൂപ വരെയുള്ള മറ്റു കന്പനികളുടെ ജെല്ലുകളാണ് നൽകുന്നത്.വിലക്കുറവുള്ള ജൻ ഔഷധി മരുന്നിനു പകരം മറ്റു കന്പനികളുടെ മരുന്നുകൾ വിതരണം ചെയ്ത് കൊള്ള ലാഭം നടത്തുന്ന നിരവധി ഔട്ട്ലെറ്റുകളുണ്ട്.
ഈ നടപടിക്കെതിരേ യാതൊരു പരിശോധനയോ നടപടിയോ ഉണ്ടാവാത്തതിനാൽ പലയിടത്തും ഇത്തരം കൊള്ള നിർബാധം തുടരുകയാണ്.ഗ്രാമങ്ങളിലൊക്കെ നാലും അഞ്ചും കിലോമീറ്റർ ചുറ്റളവിൽ ഒരു ജൻഔഷധി സ്റ്റോർ മാത്രമേ ഉണ്ടാവു. അതിനാൽ ഗ്രാമങ്ങളിലെ പാവങ്ങളായിരിക്കും കൂടുതൽ ചൂഷണത്തിന് ഇരയാവുക.
എസ്. റൊമേഷ്