തൃശൂർ : തൃശൂർ : തൃശൂർ ലൂർദ് കത്തീഡ്രൽ ദേവാലയത്തിൽ മാതാവിന് സ്വർണക്കൊന്ത സമർപ്പിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം മാതാവിനെ കാണാൻ എത്തിയത്.
ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണെന്നും വേറെ അർത്ഥങ്ങളിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പള്ളിയിലെത്തിയ അദ്ദേഹത്തെ കത്തീഡ്രൽ വികാരിയും ഇടവകാംഗങ്ങളും ചേർന്നാണ് സ്വീകരിച്ചത്.
ഇടവക വികാരി, ട്രസ്റ്റ് അംഗങ്ങൾ, ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ അനീഷ്കുമാർ എന്നിവർ അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു. ഇടവക വികാരിയുടെയും ട്രസ്റ്റ് അംഗങ്ങളുടെയും സമ്മതത്തോടെയാണ് അദ്ദേഹം മാതാവിന് കൊന്ത സമർപ്പിച്ചത്. സമർപ്പണത്തിന് ശേഷം അടിപ്പള്ളിയിലെത്തി പ്രാർത്ഥിക്കുകയും ചെയ്തു.
ലൂർദ് പള്ളി ഇടവകയിൽ ഉൾപ്പെട്ട വ്യക്തിയാണ് മാതാവിനായി സ്വർണകൊന്ത പണിതത്. സുരേഷ് ഗോപി മുൻകൂറായി പണമടച്ച് പണിയിപ്പിക്കുകയായിരുന്നു. അൾത്താരയ്ക്ക് മുന്നിലെത്തിയപ്പോഴാണ് കൊന്ത സമർപ്പിക്കുന്ന കാര്യം എല്ലാവരും അറിഞ്ഞത്.
തൃശൂരിൽ പൂങ്കുന്നം മുരളീമന്ദിരത്തിലെത്തി കെ.കരുണാകരന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി ലൂർദ് പള്ളിയിലെത്തിയത്. തുടർന്ന് ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിക്കുന്പോഴാണ് ബിജെപി നേതാക്കൾ പോലും ഇതറിഞ്ഞത്. തുടർന്ന് പൂമാലയും സമർപ്പിച്ചു.
തുടർന്ന് അടിപ്പള്ളിയിലെത്തിയപ്പോൾ അവിടെ വെച്ച് പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. നന്ദിയാൽ പാടുന്നുദൈവമേ എന്ന എന്ന പാട്ടാണ് സുരേഷ് ഗോപി പാടിയത്.
തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂർദ് പള്ളിയിലെ സന്ദർശനം. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.
നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉൽപന്നങ്ങളിൽ അല്ലെന്നുമാണ് സ്വർണ കൊന്ത സമർപ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത്. ഭക്തിപരമായ നിർവഹണത്തിന്റെ മുദ്രയാണ് സ്വർണ കൊന്തയെന്നും സുരേഷ് ഗോപി പറഞ്ഞു.