തിരുവനന്തപുരം: അഞ്ച് വർത്തിനിടെ വിദേശത്തേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കുടിയേറുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ഇരുദയ രാജന്റെ നേത്യത്വത്തിൽ നടന്ന സർവേയിൽ, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ഉറപ്പാക്കാതെ കുടിയേറ്റത്തിന് തടയിടാൻ ആകില്ലെന്നും കണ്ടെത്തി.
അതേസമയം, സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. യുവജനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് തടയാനുള്ള നടപടിയുണ്ടാക്കുമെന്ന് സർക്കാർ പറയുമ്പോഴാണ് ഇത്തരത്തിൽ രണ്ടരലക്ഷത്തോളം പേർ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളം വിട്ടെന്ന റിപ്പോർട്ട് സർക്കാരിന് കൈമാറുന്നതും.
സ്ത്രീ കുടിയേറ്റക്കാരുടെ അനുപാതം 2018 ൽ 15.8 ആണെങ്കിൽ 19.1 ശതമാനമായി നിലവിൽ അത് വർധിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള മുഴുവൻ പ്രവാസികളിൽ 11.3 ശതമാനം വിദ്യാർഥികളാണ്. ആകെ പ്രവാസികളിൽ 19 ശതമാനത്തോളം സ്ത്രീകളുണ്ട്. ഇവരിൽ 40ശതമാനം യൂറോപ്പ് അമേരിക്ക ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
ഡിഗ്രിയും അതിനു മുകളിലും വിദ്യാഭ്യാസം നേടിയവരാണ് പ്രവാസ ജീവിതം നയിക്കുന്ന 72 ശതമാനം വനിതകളും. പുരുഷന്മാർക്കൊപ്പം സ്ത്രീകളും വിദേശത്ത് പോകുന്നതിൽ മുന്നിൽ കോട്ടയം ജില്ലയും, പിന്നിൽ മലപ്പുറം ജില്ലയിലുമാണെന്നാണ് സർവേ വ്യക്തമാക്കുന്നത്.
കേരളത്തിൽ അഞ്ചിൽ ഒരു കുടുംബത്തിൽ സ്ത്രീകൾ ചുമതല വഹിക്കുന്നു. പുരുഷന്മാരുടെ പ്രവാസ ജീവിതമാണ് സ്ത്രീകളെ കുടുംബ ചുമതല ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ വനിതകളുടെ നിയന്ത്രണത്തിൽ മാത്രം 83,774 സംരംഭങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രവാസികള്‍ക്കിടയില്‍ നടത്തിയ സർവേ റിപ്പോർട്ടില്‍ പറയുന്നത്. ലോക കേരള സഭയിലെ ചടങ്ങിലാണ് സർവേ റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്.