കൊല്ലം: ജൂലൈ ഒന്നുമുതൽ സംസ്ഥാനത്ത് നിലവിൽ സർവീസ് നടത്തുന്ന ചില എക്സ്പ്രസ് ട്രെയിനുകൾ കൂടി പാസഞ്ചറുകളാക്കി മാറ്റും. ഇതോടെ ദക്ഷിണ റെയിൽവേയിൽ കൂടുതൽ പാസഞ്ചർ ട്രെയിനുകളിൽ മിനിമം യാത്രാ നിരക്ക് 10 രൂപയായി കുറയും. നിലവിൽ 30 രൂപയാണ് ഈടാക്കുന്നത്.
ദക്ഷിണ റെയിൽവേയുടെ അറിയിപ്പ് അനുസരിച്ച് അവരുടെ പരിധിയിലുള്ള 140 എക്സ്പ്രസ് ട്രെയിനുകൾ ജൂലൈ ഒന്നുമുതൽ പാസഞ്ചറുകളായി മാറും. കേരളത്തിൽ സർവീസ് നടത്തുന്ന 39 ട്രെയിനുകളും ഇതിൽ ഉൾപ്പെടും. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു കഴിഞ്ഞു.
കോവിഡിന് ശേഷം ട്രെയിൻ സർവീസുകൾ പുനരാംരഭിച്ചപ്പോൾ പാസഞ്ചറുകൾ എല്ലാം അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ എന്ന പേരിലാണ് ഓടിയിരുന്നത്.
വണ്ടികളുടെ നമ്പരുകളിലും മാറ്റം വരുത്തി. 200 കിലോമീറ്റർ ദൈർഘ്യത്തിൽ താഴെയുള്ള പാസഞ്ചറുകളുടെ നമ്പറുകൾ പൂജ്യത്തിൽ തുടങ്ങുന്ന രീതിയിലാണ് അധികൃതർ മാറ്റിയത്. മറ്റ് പാസഞ്ചറുകളുടെ നമ്പർ ഒന്നിൽ ആരംഭിക്കുന്ന രീതിയിലും ക്രമീകരിച്ചു.
രണ്ട് കാറ്റഗറിയിലും മിനിമം ചാർജ് മൂന്നിരട്ടിയാക്കി വർധിപ്പിക്കുകയും ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പാസഞ്ചർ ട്രെയിനുകളുടെ മിനിമം നിരക്ക് റെയിൽവേ 10 രൂപയായി കുറച്ചുവെങ്കിലും ഇത് പൂജ്യത്തിൽ തുടങ്ങുന്ന വണ്ടികൾക്ക് മാത്രമാണ് ബാധകമാക്കിയത്. ഒന്നിൽ നമ്പർ ആരംഭിക്കുന്ന പാസഞ്ചറുകളെ എക്സ്പ്രസുകളാക്കി നിലനിർത്തി ഇപ്പോഴും അവയിൽ മിനിമം നിരക്ക് 30 രൂപയാണ് ഈടാക്കി വരുന്നത്.
മധുര -പുനലൂർ പാസഞ്ചർ, കോട്ടയം – നാഗർകോവിൽ പാസഞ്ചർ എന്നിവ തന്നെയാണ് ഇതിന്റെ ഉദാഹരണം. ഈ രണ്ട് ട്രെയിനുകളും ഇപ്പോഴും എക്സ്പ്രസ് എന്ന പേരിലാണ് സർവീസ് നടത്തുന്നത്. ഇവയുടെ നേരത്തേയുണ്ടായിരുന്ന ചില സ്റ്റോപ്പുകൾ ഒഴിവാക്കുകയും ചെയ്തു. അവ അടുത്തിടെ പുനഃസ്ഥാപിച്ചുവെങ്കിലും മിനിമം നിരക്ക് 30 രൂപയിൽ നിന്ന് കുറവ് വരുത്തിയതുമില്ല.
ഇതിനാണ് ജൂലൈ ഒന്നുമുതൽ മാറ്റം വരുന്നത്. എല്ലാ പാസഞ്ചർ ട്രെയിനുകളുടെയും നമ്പരുകൾ അന്നുമുതൽ അഞ്ച്, ആറ്, ഏഴ് എന്നീ അക്കങ്ങളിൽ തുടങ്ങുന്ന രീതിയിലാകും. മിനിമം നിരക്കും എല്ലാ പാസഞ്ചറുകളിലും പത്ത് രൂപയായി ഏകീകരിക്കപ്പെടും.
പാസഞ്ചറുകളുടെ നമ്പരുകൾ പുനഃക്രമീകരിക്കുന്നതിന്റ ഭാഗമായി ദക്ഷിണ റെയിൽവേ പുറത്തിറക്കിയ വിജ്ഞാപനത്തിൽ യാത്രാ നിരക്ക് ഏകീകരിക്കുന്നത് സംബന്ധിച്ച് സൂചനകൾ ഒന്നുമില്ലെങ്കിലും നിരക്കുകൾ പഴയപടിയിലേക്ക് കുറയ്ക്കും എന്നാണ് കൊമേഴ്സ്യൽ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
എസ്.ആർ. സുധീർ കുമാർ