തിരുവനന്തപുരം: ബാലരാമപുരത്ത് ഗൃഹനാഥനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി അയൽക്കാരൻ വെട്ടിക്കൊന്നു. ആലുവിള സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവും കുമാറും അയൽക്കാരാണ്. ഇരുവരും ഞായറാഴ്ച രാവിലെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നെന്ന് ബിജുവിന്റെ വീട്ടുകാർ പറഞ്ഞു.
പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ കുമാർ ബിജുവിനെ വിളിച്ച് വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിൽ നിന്ന് അൻപത് മീറ്റർ മാറി റോഡിവച്ചാണ് കുമാർ ബിജുവിനെ വെട്ടി വീഴ്ത്തിയത്.
കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച ശേഷം ബിജുവിന്റെ നെഞ്ചിൽ കുത്തുകയും ചെയ്തു. ബിജുവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മരംവെട്ട് തൊഴിലാളിയാണ് ബിജു.
കുമാറും ബിജുവും തമ്മിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.