തടാകത്തിൽ യുവാവിന്റെ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരമറിഞ്ഞാണു വാറങ്കലിലേക്ക് പോലീസ് എത്തിയത്. വന്നപാടെ മൃതദേഹം കരയ്ക്കടുപ്പിക്കാൻ ശ്രമവും തുടങ്ങി.
അപ്പോഴതാ മൃതദേഹം അനങ്ങുന്നു! അവിടംകൊണ്ടും തീർന്നില്ല, തടിച്ചുകൂടിയ നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച് “മൃതദേഹം’ നടന്നു കരയ്ക്കു കയറി! തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് അന്ധാളിപ്പുണ്ടാക്കിയ സംഭവം നടന്നത്.
തടാകത്തിനു സമീപമുള്ളവരാണ് ഒരു യുവാവിന്റെ ശരീരം വെള്ളത്തിൽ ഒഴുകി നടക്കുന്നത് കണ്ടത്. നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, മണിക്കൂറുകളായിട്ടും യുവാവ് അതേ കിടപ്പ് കിടക്കുന്നതു കണ്ട് മൃതദേഹമാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണു പോലീസിനെ വിളിച്ചത്.
നെല്ലൂർ ജില്ലയിലെ കാവലി സ്വദേശിയായ കരിങ്കൽ ക്വാറി തൊഴിലാളിയാണു വെള്ളത്തിൽ കിടന്നിരുന്നത്. നീല ജീൻസ് മാത്രമായിരുന്നു വേഷം. പോലീസ് ചോദിച്ചപ്പോൾ ചൂടിൽനിന്ന് ആശ്വാസം തേടിയാണു വെള്ളത്തിൽ ചെലവഴിച്ചതെന്നായിരുന്നു യുവാവിന്റെ മറുപടി.
രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെയാണു ക്വാറിയിലെ ജോലി എന്നും ചൂട് സഹിക്കാൻ പറ്റുന്നില്ലെന്നും അയാൾ പറഞ്ഞു. അതേസമയം യുവാവ് മദ്യപിച്ചിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. യുവാവിന്റെ ജലശയനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.