വീട് എല്ലാവരുടെയും സ്വപ്നമാണെങ്കിലും അത് സ്വന്തമാക്കുക എന്നത് അത്ര ഈസിയല്ല. വില തന്നെയാണു പ്രശ്നം. ഫ്ളാറ്റുകൾക്കുപോലും ലക്ഷങ്ങൾ മുടക്കണം. ഒരെണ്ണം പണിയാമെന്നു വച്ചാലും സാധാരണക്കാരുടെ കൈയിലൊതുങ്ങില്ല. എന്നാൽ, ഇറ്റലിയിലെ സംബൂക ഡി സിഷിലിയ എന്ന ഗ്രാമത്തിൽ ഇതിൽനിന്നു വളരെ വ്യത്യസ്തമാണു കാര്യങ്ങൾ. മൂന്നു യൂറോ (ഏകദേശം 270 രൂപ) മുടക്കിയാൽ അവിടെ ഒരു വീട് സ്വന്തമാക്കാം..!
ഗ്രാമത്തിൽ ഒഴിഞ്ഞ വീടുകൾ ഒരുപാടുണ്ട്. 1969ൽ ഈ മേഖലയിലുണ്ടായ വലിയൊരു ഭൂകമ്പത്തെത്തുടർന്നു ഗ്രാമവാസികൾ കൂട്ടത്തോടെ വീടുകൾ ഉപേക്ഷിച്ചു പോകുകയായിരുന്നു. ആൾത്താമസമില്ലാതെ വന്നതോടെ വീടുകൾ നശിക്കാൻ തുടങ്ങി. ഇതോടെയാണ് ഒഴിഞ്ഞുകിടക്കുന്ന വീടുകൾ നിസാര വിലയ്ക്ക് വിൽക്കാൻ അധികൃതർ തീരുമാനിച്ചത്.
അത്ര മോശം വീടുകളൊന്നുമല്ല ഈവിധം വിൽക്കുന്നത്. അല്ലറചില്ലറ അറ്റക്കുറ്റപ്പണികൾ നടത്തിയാൽ താമസിക്കാൻ പറ്റുന്ന സമാന്യം വലിപ്പമുള്ള വീടുകളാണ്. വീട് വാങ്ങുന്നവർ മൂന്നു യൂറോയ്ക്കു പുറമെ ചെറിയൊരു സെക്യൂരിറ്റി തുക കൂടി നൽകണം. എന്നാൽ, വീട് നന്നാക്കി താമസം തുടങ്ങിയാൽ രണ്ടു വർഷത്തിനുള്ളിൽ ആ തുക തിരിച്ചു കിട്ടും.
ആദ്യം ഒരു യൂറോയ്ക്കായിരുന്നു വീടുകൾ വിറ്റിരുന്നത്. വിദേശത്തുനിന്നുപോലും ആളുകളെത്തി വീട് വാങ്ങാൻ തുടങ്ങിയതോടെയാണു മൂന്നു യൂറോയാക്കി വില ഉയർത്തിയത്. ജനസാന്ദ്രത കൂടിയ രാജ്യങ്ങളിൽനിന്നാണു കൂടുതൽ പേരും വീടുകൾ വാങ്ങാൻ വരുന്നതെന്നാണു റിപ്പോർട്ടുകളിലുള്ളത്.