തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നുവരാൻ പോകുന്നതെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. യുവജനതയ്ക്ക് വിശിഷ്യാ തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തതായും മേയർ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഏറ്റെടുത്ത ഭൂമിയിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് സ്കിൽ പാർക്ക് പണിതിരിക്കുന്നത്.
കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമുള്ള ഹോസ്റ്റലും ഇതിന്റെ പ്രത്യേകതയാണ്. വിവിധ വകുപ്പുകൾ തമ്മിൽ കൈകോർത്ത് നാടിന്റെ വികസനത്തിനായി ഒരുമിക്കുന്ന മാതൃകാപരമായ ഇടപെടലാണിതെന്നും ആര്യ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളാണ് ഉയർന്നുവരാൻ പോകുന്നത്. ആ തൊഴിലിലേക്ക് യുവജനങ്ങളെ പ്രാപ്തരാക്കുക എന്നത് വളരെ പ്രധാനമാണ്.
അതിനായി തൊഴിലിനനുസൃതമായ തൊഴിൽ നൈപുണ്യം നേടിയെടുക്കണം. നമ്മുടെ യുവജനതയ്ക്ക് വിശിഷ്യാ തീരദേശ മേഖലയിലെ യുവജനങ്ങൾക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കുന്നതിന് അസാപിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. തുറമുഖ- സഹകരണ വകുപ്പ് മന്ത്രി ശ്രീ വി. എൻ. വാസവൻ പങ്കെടുത്തു.
വിഴിഞ്ഞം തുറമുഖത്തിനായി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഏറ്റെടുത്ത ഭൂമിയിലാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് സ്കിൽ പാർക്ക് പണിതിരിക്കുന്നത്.
കുട്ടികൾക്ക് താമസിച്ചു പഠിക്കാൻ സൗകര്യമുള്ള ഹോസ്റ്റലും ഇതിന്റെ പ്രത്യേകതയാണ്. വിവിധ വകുപ്പുകൾ തമ്മിൽ കൈകോർത്ത് നാടിന്റെ വികസനത്തിനായി ഒരുമിക്കുന്ന മാതൃകാപരമായ ഇടപെടലാണിത്.
തുറമുഖ വികസനത്തിനായി കണ്ടെത്തിയ ഭൂമി, ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിടം, ഗുണഭോക്താക്കൾ അധികവും തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളുമുള്ള ഈ സ്കിൽ പാർക്ക് ഈ നാടിനാകെ പ്രയോജനപ്രദമാകട്ടെ എന്നാശംസിക്കുന്നു.
അസാപ് കേരളയ്ക്കൊപ്പം ഇതിന്റെ പരിശീലന പങ്കാളികളായി തിരഞ്ഞെടുക്കപ്പെട്ട അദാനി സ്കിൽ ഡെവലപ്മെന്റ് സെന്ററിനും വലിയ സംഭാവനകൾ ചെയ്യാൻ കഴിയും.
ഒരു നൈപുണ്യ വികസന കേന്ദ്രം എന്ന നിലയിൽ തുറമുഖ അനുബന്ധ തൊഴിൽ മാത്രമല്ല, ഏതൊരു തൊഴിൽ മേഖലയിലും നൈപുണ്യം നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള ഹബ്ബായി ഈ സ്കിൽ പാർക്ക് മാറുമെന്ന് ഉറപ്പാണ്.