ഇടുക്കി: കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഡിഇഒയ്ക്കതിരേ പോലീസില്‍ പരാതി.
ഡിഇഒ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതെന്നാണ് വലിയതോവാള ക്രിസ്തുരാജ ഹൈസ്കൂളിലെ സംസ്കൃതം അധ്യാപിക ശ്രീലക്ഷ്മി കട്ടപ്പന പോലീസില്‍ പരാതി നല്‍കിയത്.
പരാതി ലഭിച്ചെന്നും വിശദമായ അന്വേഷണം നടത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു. കട്ടപ്പന ഡിഇഒ മണികണ്ഠനെതിരെയാണ് പരാതി. സംഭവത്തിനു ശേഷം കുഴഞ്ഞു വീണ പാലാ ഇടമറ്റം സ്വദേശിയായ ശ്രീലക്ഷ്മി പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവിധ അധ്യാപക സംഘടനകളും ഡിഇഒയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ചയായിരുന്നു ഉച്ചയോടെയായിരുന്നു സംഭവം. തന്റെ സ്ഥിര നിയമന കാര്യവുമായി ബന്ധപ്പെട്ടാണ് ശ്രീലക്ഷ്മി കട്ടപ്പന ഡിഇഒ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് ഡിഇഒയെ കണ്ടപ്പോഴാണ് മോശമായി പെരുമാറിയതെന്നാണ് ശ്രീലക്ഷ്മി നല്കിയ പരാതിയില്‍ പറയുന്നത്.
അതിരൂക്ഷമായി ശകാരിക്കുകയും ഓഫീസില്‍ കയറില്‍ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും ഇവര്‍ പറഞ്ഞു. അധിക്ഷേപത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീലക്ഷ്മിയെ ഓഫീസിലെ മറ്റു ജീവനക്കാര്‍ എത്തി ഓഫീസിന് പുറത്ത് എത്തിച്ച് പ്രാഥമിക ചികിത്സ നല്കി.
തുടര്‍ന്ന് അധ്യാപികയെ കോട്ടയം പാലായിലുള്ള വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. യാത്രാമധ്യേ പൊന്കുന്നത്തവച്ച് വീണ്ടും ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടര്‍ന്നാണ് പൊന്‍കുന്നത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുമ്പും പല അധ്യാപികമാരോടും ഡിഇഒ മോശമായ രീതിയില്‍ സംസാരിച്ചിട്ടുണ്ടന്നും ഇയാള്‍ക്കെതിരേ പല പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും എടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയാറായിട്ടില്ലെന്നും അധ്യാപകര്‍ പറയുന്നു.
2018-ല്‍ ചെങ്ങളം സെന്റ് ആന്റണീസ് സ്കൂളില്‍ താത്കാലിക അധ്യാപികയായാണ് ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചത്.
പിന്നീട് 2021 ജൂണില്‍ വെള്ളാരംകുന്ന് സ്കൂളില്‍ സ്ഥിരം നിയമനത്തോടെ ജോലിക്കു കയറി. 2023-ലാണ് വലിയതോവാള സ്കൂളിലെത്തിയത്.
എന്നാല്‍ സ്ഥിര നിയമന ഉത്തരവ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇതന്വേഷിക്കാന്‍ ഡിഇഒ ഓഫീസില്‍ എത്തിയത്. എന്നാല്‍ നിയമനം നേരത്തെ പാസാക്കിയിരുന്നെന്നും സ്കൂൾ പ്രവൃത്തി സമയത്ത് ഒാഫീസിൽ എത്തിയതു മാത്രമാണ് ചോദ്യം ചെയ്തതെന്നും മോശമായി പെരുമാറിയില്ലെന്നുമാണ് ഡിഇഒ പറയുന്നത്.