കൊച്ചി: കടുത്ത പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 2023-24 സാമ്പത്തികവര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. 2023-24 കാലയളവില്‍ 60,523.89 കോടി രൂപ (7.38 ബില്യണ്‍ യുഎസ് ഡോളര്‍) മൂല്യമുള്ള 17,81,602 മെട്രിക് ടണ്‍ സമുദ്രോത്പന്നമാണ് ഇന്ത്യ കയറ്റി അയച്ചത്. അളവിലും മൂല്യത്തിലും ശീതീകരിച്ച ചെമ്മീന്‍ പ്രധാന കയറ്റുമതി ഇനമായി തുടരുകയും അമേരിക്കയും ചൈനയും പ്രധാന വിപണികളാകുകയും ചെയ്തു.
2023-24 സാമ്പത്തികവര്‍ഷത്തില്‍ കയറ്റുമതി അളവിലുണ്ടായ വര്‍ധന 2.67 ശതമാനമാണ്. 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ 63,969.14 കോടി രൂപ (8.09 ബില്യണ്‍ ഡോളര്‍) മൂല്യമുള്ള 17,35,286 മെട്രിക് ടണ്‍ സമുദ്രോത്പന്നമാണു കയറ്റുമതി ചെയ്തത്.
വിദേശവിപണികളില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടെങ്കിലും 17,81,602 മെട്രിക് ടണ്‍ അളവും 7.38 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യവുമുള്ള സമുദ്രോത്പന്നങ്ങള്‍ 2023-24 സാമ്പത്തികവര്‍ഷം കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കു കഴിഞ്ഞതായി മറൈന്‍ പ്രോഡക്ടസ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അഥോറിറ്റി (എംപിഇഡിഎ) ചെയര്മാന് ഡി.വി. സ്വാമി പറഞ്ഞു.
രണ്ടാമത്തെ മികച്ച കയറ്റുമതി ഇനമായ ശീതീകരിച്ച മത്സ്യത്തിന് 5,509.69 കോടി (671.17 മില്യണ്‍ യുഎസ് ഡോളര്‍) ലഭിച്ചു. ഇത് അളവില്‍ 21.42 ശതമാനവും യുഎസ് ഡോളര്‍ വരുമാനത്തില്‍ 9.09 ശതമാനവുമാണ്. മൂന്നാമത്തെ പ്രധാന കയറ്റുമതി ഇനമായ മത്സ്യ/ചെമ്മീന്‍ പൊടി (ഫിഷ്/ചെമ്മീന്‍ മീല്‍), ഭക്ഷ്യയോഗ്യമല്ലാത്ത ഉണങ്ങിയ ഇനങ്ങള്‍ എന്നിവയുടെ കയറ്റുമതി 15.89 ശതമാനവും 6.08 ശതമാനം യുഎസ് ഡോളര്‍ വരുമാനവുമായി 3684.79 കോടി രൂപ ( 449.17 മില്യണ്‍ യുഎസ് ഡോളര്‍) നേടി.
നാലാമത്തെ പ്രധാന കയറ്റുമതി ഇനമായ ശീതീകരിച്ച കൂന്തല്‍ അളവില്‍ 5.25 ശതമാനവും യുഎസ് ഡോളര്‍ വരുമാനത്തില്‍ 5.06 ശതമാനവുമായി 3061.46 കോടി രൂപ (373.40 മില്യണ്‍ യുഎസ് ഡോളര്‍) നേടി. കയറ്റുമതിയില്‍ അഞ്ചാം സ്ഥാനമുള്ള സുറുമി ഇനങ്ങളുടെ കയറ്റുമതി 4.12 ശതമാനം വര്‍ധിച്ച് 1,35,327 ടണ്ണിലെത്തി.