മൂന്നാർ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രണ്ടു തവണ മോട്ടോർ വാഹന ഗതാഗത നിയമം ലംഘിച്ച് വാഹനയാത്ര നടത്തിയവർക്ക് എതിരേ നിയമനടപടികൾ ഉൾപ്പെടെയുള്ളവ സ്വീകരിച്ചിട്ടും അപകടങ്ങൾ വിളിച്ചു വരുത്തുന്ന സാഹസിക യാത്രയ്ക്ക് അറുതിയില്ല. കൊച്ചി – ധനുഷ്കോടി ദേശീയപാതയിലാണ് വാഹനവുമായി വീണ്ടും യുവതീ യുവാക്കളുടെ അഭ്യാസ പ്രകടനം.
തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിലാണ് മൂന്ന് യുവാക്കൾ ഡോർ വിൻഡോയിലൂടെ ശരീരം പുറത്തിട്ട് അപകട യാത്ര നടത്തിയത്. ദേശീയ പാതയിലെ ഗ്യാപ് റോഡിനും മൂന്നാറിനും ഇടയിലെ പാതയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിൽ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത് വാർത്തയാവുകയും എംവിഡി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, വീണ്ടും ദേശീയപാതയിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ എത്തുന്നത് പ്രശ്നങ്ങൾ ഗുരുതരമാക്കുകയാണ്.