തിരുവല്ല: പരാതിയുമായി എത്തിയവർക്കുനേരേ ഡ്യൂട്ടിക്കിടെ മദ്യപിച്ച് അസഭ്യവർഷം നടത്തിയ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവല്ല പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജ് കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ 14നു രാത്രി ജിഡി ചുമതലയിലിരിക്കവേയാണ് രാജ് കുമാര്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. പരാതിയുമായി സ്റ്റേഷനില്‍ എത്തിയ ഒരാള്‍ ഉദ്യോഗസ്ഥന്റെ മോശം പെരുമാറ്റം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയെ അറിയിച്ചു. തുടര്‍ന്ന് രാജ് കുമാറിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു.
താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോഴും ഇയാള്‍ ബഹളം വച്ചിരുന്നു. തിരുവല്ല എസ്എച്ച്ഒ കേസ് രജിസ്റ്റര്‍ ചെയ്ത് വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയായിരുന്നു.