ഇടുക്കി: മാമലക്കണ്ടത്ത് നിന്ന് ആനക്കൊമ്പുകളുമായി ഒരാള്‍ വനപാലകരുടെ പിടിയിലായി. മാമലക്കണ്ടം മാഞ്ചുവട് കോട്ടക്കകത്ത് ജോസഫ് കുര്യന് എന്ന മണ്‍മുടി ഔസേഫാണ് (64 ) കുട്ടമ്പുഴ വനപാലകരുടെ പിടിയിലായത്. ഇയാള്‍ സൂക്ഷിച്ചിരുന്ന മൂന്ന് ആനക്കൊമ്പുകളും കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ ആര്. സഞ്ജീവ് കുമാറും പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള വനപാലകരും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് ഇയാള്‍ പിടിയിലായത്. ഒരു കൊമ്പ് വീട്ടില്‍ കട്ടിലിനടിയിലും രണ്ടെണ്ണം അടുക്കളയില്‍ അടുപ്പിന് സമീപം കുഴിച്ചിട്ട നിലയിലുമാണ് കണ്ടെത്തിയത്.
വേട്ടയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെടുക്കാനായിട്ടില്ല. ഇയാളുടെ കൂട്ടാളി ഒളിവിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മലയാറ്റൂര്‍ ഡിഎഫ്ഒ ഖുറ ശ്രീനിവാസന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2014-ലെ ഇടമലയാര്‍ ആനവേട്ട കേസ് പുതിയ വഴിത്തിരിവില്‍ എത്തിച്ചേരാന്‍ സാധ്യതയുള്ളതാണ് ജോസഫ് കുര്യന്റെ അറസ്റ്റെന്നാണ് സൂചന. ഇപ്പോള്‍ പിടിച്ചെടുത്ത കൊമ്പുകളുടെ കാലപ്പഴക്കം നിര്‍ണയിച്ചാല്‍ മാത്രമെ ആന വേട്ട നടന്ന കാലം കൃത്യമായി അറിയാനാവു. ഇതിനുള്ള ശാസ്ത്രീയ പരിശോധന വനംവകുപ്പ് നടത്തും. കാട്ടില്‍ ആനയുടെ ആക്രമണത്തിനിടെ തോക്ക് ആന ചവുട്ടിയൊടിച്ചു നശിപ്പിച്ചെന്നാണ് പ്രതി മൊഴി നല്‍കിയത്.
എന്നാല്‍ അന്വേഷണ സംഘം ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇടമലയാര്‍ ആനവേട്ടക്കേസുമായി ഇയാള്‍ക്ക് ബന്ധമുള്ളതായി ചോദ്യം ചെയ്യലില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഈ കേസിലെ പ്രധാന പ്രതികളിലൊരാളും ആനവേട്ടക്കാരനുമായ വാസുവിനൊപ്പവും തനിച്ചും ആനവേട്ട നടത്തിയിട്ടുള്ളതായും ജോസഫ് സമ്മതിച്ചിട്ടുണ്ട്.
അന്ന് തെളിവുകളില്ലാതെ മുങ്ങിയതിനാല്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടില്ല. കൂടുതല്‍ കൊമ്പുകള്‍ കിട്ടിയതോടെ കോതമംഗലം കോടതിയില്‍ ഇപ്പോള്‍ വിചാരണ നടന്നുവരുന്ന ഇടമലയാര്‍ കേസില്‍ വഴിത്തിരിവുണ്ടായേക്കും. 72 പ്രതികളാണ് ഈ കേസില്‍ വിചാരണ നേരിടുന്നത്. പിടിയിലായ ശേഷം മുങ്ങിയ കൊല്‍ക്കൊത്ത തങ്കച്ചി മുതല്‍ ആന്ധ്രയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പ്രധാനപ്രതി വാസു വരെ ഇതില്‍ ഉള്‍പ്പെടും.