കൊല്ലം: കേരളത്തിന് പുതുതായി ലഭിച്ച വന്ദേ ഭാരത് എക്സ്പ്രസ് ഇനിയും റൂട്ട് നിശ്ചയിച്ച് സർവീസ് ആരംഭിക്കാതെ കിടക്കുമ്പോൾ തമിഴ്നാടിന് രണ്ട് വന്ദേഭാരത് എക്സ്പ്രസുകൾ കൂടി അനുവദിച്ച് റെയിൽവേ മന്ത്രാലയം.മധുര-ബംഗളൂരു, ചെന്നൈ -നാഗർകോവിൽ റൂട്ടുകളിലാണ് തമിഴ്നാടിന് പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. രണ്ട് വണ്ടികളുടെയും ഇരുദിശകളിലുമുള്ള പരീക്ഷണ ഓട്ടം ഈ മാസം 17ന് വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
ഇവയുടെ ഉദ്ഘാടനം 20ന് പുരട്ചി തലൈവർ ഡോ. എം.ജി. രാമചന്ദ്രൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ചെന്നൈ-നാഗർ കോവിൽ വന്ദേഭാരത് ട്രെയിൻ നരേന്ദ്ര മോദി നേരിട്ട് ഫ്ലാഗ് ഓഫ് ചെയ്യും.മധുര-ബംഗളൂരു വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ചെന്നൈയിൽനിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ആയിരിക്കും നടത്തുക. ഈ ട്രെയിനിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ മധുരയിലാണ് നിശ്ചയിച്ചിട്ടുള്ളത്.
രണ്ട് വണ്ടികളുടെയും സ്റ്റോപ്പുകളിൽ പ്രത്യേക സ്വീകരണ പരിപാടികളും റെയിൽവേ നേരിട്ട് ഏർപ്പാടാക്കിയിട്ടുണ്ട്. ഇതുകൂടാതെ ചെന്നൈയിലെ നിർദിഷ്ട വന്ദേഭാരത് മെയിന്റനൻസ് ഡിപ്പോയുടെ ശിലാസ്ഥാപനവും നിർമാണം പൂർത്തീകരിച്ച നാഗർകോവിൽ ടൗൺ -നാഗർകോവിൽ ജംഗ്ഷൻ -കന്യാകുമാരി റൂട്ടിലെ ഇരട്ടപ്പാതയുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും.
തമിഴ്നാട്ടിൽ ഇത്തരത്തിൽ കാര്യങ്ങൾ അതിവേഗം പുരോഗമിക്കുമ്പോൾ കേരളത്തിന് മൂന്നാമതായി മൂന്നു മാസം മുമ്പ് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ടു പോലും നിശ്ചയിക്കാൻ കഴിയാതെ ആശയക്കുഴപ്പത്തിലാണ് അധികൃതർ.ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനായി അനുവദിച്ച ഈ ട്രെയിൻ എറണാകുളം-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും എന്നായിരുന്നു ആദ്യ ഘട്ടത്തിൽ അധികൃതർ നൽകിയ സൂചനകൾ.
ഇതിന്റെ ഭാഗമായി എത്തിയ എട്ട് കോച്ചുകളുള്ള വന്ദേഭാരത് എക്സ്പ്രസ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ കിടന്ന് വിശ്രമിക്കാൻ തുടങ്ങിയിട്ട് രണ്ടര മാസം കഴിഞ്ഞു.ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർവീസ് ആരംഭിക്കുന്നതിന് തടസം നിൽക്കുന്നതിന് പിന്നിൽ ഉദ്യോഗസ്ഥ ലോബി തന്നെയാണെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്. സർവീസിന് തടയിടാൻ ടൂറിസ്റ്റ് ബസ് ലോബിയുടെ ഇടപെടൽ ഉണ്ടായതായും ആരോപണമുണ്ട്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് പുതിയ വന്ദേഭാരത് ആരംഭിക്കുന്നതിന് സാങ്കേതിക തടസങ്ങൾ ഉണ്ടെങ്കിൽ ട്രെയിൻ കൊച്ചുവേളിയിൽനിന്നോ തിരുവനന്തപുരത്തുനിന്നോ സർവീസ് നടത്താൻ കഴിയും.നിലവിൽ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർഗോഡിനും ആലപ്പുഴ വഴി മംഗളുരുവിനും രണ്ട് വന്ദേഭാരത് എക്സ്പ്രസുകൾ സർവീസ് നടത്തുന്നുണ്ട്. വരുമാനത്തിന്റെയും റിസർവേഷനുമായി ബന്ധപ്പെട്ട തിരക്കിന്റെയും കാര്യത്തിൽ ഈ രണ്ട് ട്രെയിനുകളും രാജ്യത്ത് ഏറെ മുന്നിലാണ്.
അതേ സമയം തിരുവനന്തപുരം ഡിവിഷന് അനുവദിച്ച പുതിയ വന്ദേഭാരത് നാഗർകോവിൽ വഴി ചെന്നൈ വരെ ഓടിക്കാൻ ചരടുവലികൾ നടക്കുന്നതായും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് കേരളത്തിന് പ്രയോജനം ചെയ്യില്ല എന്നു മാത്രമല്ല വണ്ടി ചെന്നൈ ഡിവിഷന് സ്വന്തമാകുന്ന അവസ്ഥയും സംജാതമാകും.
പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം തീർന്നാലുടൻ കേരളത്തിന്റെ മൂന്നാം വന്ദേഭാരത് ഓടിത്തുടങ്ങും എന്നാണ് ഏറ്റവും ഒടുവിൽ ദക്ഷിണ റെയിൽവേ അധികൃതർ നൽകിയ വിശദീകരണം. എന്നിട്ടും സർവീസ് ആരംഭിക്കാത്ത സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഇടപെടൽ അടിയന്തരമായി ഉണ്ടാകണം എന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
എസ്.ആർ. സുധീർ കുമാർ