വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിൽ വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ ഞാറക്കൽ പോലീസ് നാട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആലപ്പുഴ എഴുപുന്ന പാറായി കവല വെമ്പിള്ളി വീട്ടിൽ, ഡാനിയൽ മകൻ സോളമൻ എന്നു വിളിക്കുന്ന അഗിൻ ഡാനിയൽ – 22 , എരമല്ലൂർ ചമ്മനാട് കറുക പറമ്പിൽ വീട്ടിൽ, മണിയപ്പൻ മകൻ മനു – 22 എന്നിവരാണ് റിമാൻഡിലായത്.കേസിൽ നേരത്തെ അറസ്റ്റിലായ ജയയുടെ ബന്ധുവിന്റെ മകൾ പ്രിയങ്കയുടെ ഭർത്താവായ സജീഷിന്റെ സുഹൃത്തുക്കളാണ് പ്രതികൾ.
വ്യക്തി വൈരാഗ്യത്തെ തുടർന്ന് ജയയെ വകവരുത്താൻ ഒരു ലക്ഷം രൂപക്ക് പ്രിയങ്കയും സജീഷും പ്രതികൾക്ക് കൊട്ടേഷൻ നൽകിയതാണെന്ന് പോലീസ് പറഞ്ഞു.സംഘത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്നാം പ്രതി ഡാനിയൽ ജോസഫ് – 23 , ഗൂഢാലോചനയിൽ പങ്കുള്ള സജീഷ് – 35 എന്നിവർ ഇപ്പോഴും ഒളിവിലാണ്.
സജീഷിന്റെ സുഹൃത്ത് നായരമ്പലം സ്വദേശി വിധുൻ ദേവിനെ പ്രിയങ്കയ്ക്കൊപ്പം തന്നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ് തിരുന്നു. ചുറ്റികയും മറ്റേതോ വസ്തുവും ഉപയോഗിച്ചാണ് ജയയെ ദേഹമാസകലം ഇടിച്ചിട്ടുള്ളത്. താഴെ വീണപ്പോൾ ശരീരത്തിന്റെ പല ഭാഗത്തും ചവിട്ടിയും ആയുധം ഉപയോഗിച്ച് അടിച്ചും കൊല്ലാൻ ശ്രമിക്കുകയാണ് ചെയ്തതെന്ന് അന്വേഷണത്തിനു നേതൃത്വം നൽകിയ മുനമ്പം ഡിവൈഎസ്പി എൻ.എസ്. സലീഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വാരിയെല്ലുകൾ ഒടിയുകയും നട്ടെല്ലിനു ക്ഷതമേൽക്കുകയും ചെയ്തിട്ടുള്ള ജയ ഇപ്പോഴും ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
ഞാറക്കൽ സിഐ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ കുഞ്ഞുമോൻ തോമസ്, ബിജു (പുത്തൻവേലിക്കര), അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ സി.എ. ഷാഹിർ, സീനിയർ സിവിൽ പോലീസ് ഓഫീസർ റെജി തങ്കപ്പൻ, എ.യു. ഉമേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സ്വരാജ്, വി.എസ്. ശരത് ബാബു, കെ.ജി. പ്രീജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.