പുലിമുരുകനും റെമോയും ഫേസ്ബുക്കില്‍ ലൈവ് ഷോ! പ്രചരിക്കുന്നത് തീയറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തുന്ന സിനിമകള്‍; അണിയറ പ്രവര്‍ത്തകര്‍ ഞെട്ടലില്‍

remo1സോഷ്യല്‍മീഡിയയിലൂടെ പുതിയ മലയാളം, തമിഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സംഘങ്ങള്‍ സജീവം. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത മോഹന്‍ലാലിന്റെ പുലിമുരുകന്‍, ഇന്ന് (ശനിയാഴ്ച്ച) പുറത്തിറങ്ങിയ ശിവകാര്‍ത്തികേയന്‍ നായകനായ റെമോ എന്നീ ചിത്രങ്ങളാണ് ഫേസ്ബുക്ക് ലൈവിലൂടെ ചോര്‍ന്നിരിക്കുന്നത്. നിരവധി പേജുകള്‍ വഴിയാണ് ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇപ്പശരിയാക്കിത്തരാം (eppashariyakitahram) എന്ന പേജിലൂടെയാണ് റെമോ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന ചിത്രവും ഇതുപോലെ പ്രചരിക്കുന്നുണ്ടെങ്കിലും ചെറിയ ചെറിയ ഭാഗങ്ങളായിട്ടാണ് പ്രദര്‍ശനം.

തീയറ്ററില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ ചിത്രമാണ് പിന്നീട് പേജിലൂടെ ലൈവായി ആളുകളിലേക്കെത്തിക്കുന്നത്. പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് സാമ്പത്തികലാഭം ഇല്ലെങ്കിലും പേജിന്റെ ലൈക്ക് കൂട്ടുന്നതിനും മറ്റുമാണ് ഇത്തരക്കാര്‍ പുതിയ സിനിമകളെ ഉപയോഗിക്കുന്നത്. അടുത്തിടെയാണ് ഈ പ്രവണത വര്‍ധിച്ചിരിക്കുന്നത്. ഫേസ്ബുക്കില്‍ ഇത്തരം ചിത്രങ്ങള്‍ക്ക് വന്‍സ്വീകര്യതയുണ്ടെന്നത് വേറെ കാര്യം. തീയറ്ററുകളില്‍ കാര്യമായ ചലനമുണ്ടാക്കാതെ പോയ ഗപ്പി ഒരു പേജില്‍ നിന്നു മാത്രം ഒരേസമയം കണ്ടത് 4,000ത്തോളം പേരാണ്. മിക്ക പേജുകളും ഇപ്പോള്‍ ലൈവ് സിനിമ പ്രദര്‍ശനവുമായി രംഗത്തുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് റിലീസ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നത്.

കോടികള്‍ മുടക്കിയെടുത്ത ചിത്രങ്ങള്‍ തിയറ്ററുകളിലെത്തുമ്പോള്‍ തന്നെ ഇവ സോഷ്യല്‍മീഡിയയില്‍ വരുന്നത് സിനിമയുടെ സാമ്പത്തികവിജയത്തിനു തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനെതിരേ നടപടിയെടുക്കേണ്ട അധികൃതരാകാട്ടെ കാര്യമായൊന്നും ചെയ്യുന്നുമില്ല. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍, ഐപിഎല്‍ മത്സരങ്ങളും ഇത്തരത്തില്‍ ഫേസ്ബുക്ക് ലൈവിലൂടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Related posts