കൊല്ലം: ട്രെയിനുകളിൽ റിസർവേഷൻ കോച്ചുകളിലെ അനധികൃത യാത്ര സംബന്ധിച്ച് റെയിൽവേയുടെ പരാതി പരിഹാര ആപ്പിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഭിച്ചത് 13,749 പരാതികൾ. ഈ മാസം ഒന്നുമുതൽ 12 വരെയാണ് ഇത്രയധികം പരാതികൾ ലഭിച്ചത്. ഇത് അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നാണ് റെയിൽവേ ബോർഡ് സുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തൽ.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 30 വരെ രാജ്യവ്യാപകമായി സംയുക്ത പരിശോധനകൾ നടത്താൻ പ്രിൻസിപ്പൽ ചീഫ് സെക്യൂരിറ്റി ഓഫീസർമാർ, റെയിൽവേ സംരക്ഷണ സേന, സംസ്ഥാനങ്ങളിലെ ഗവൺമെൻ്റ് റെയിൽവേ പോലീസ്, കൊമേഴ്സ്യൽ വിഭാഗം ഉദ്യോഗസ്ഥർ എന്നിവർക്ക് റെയിൽവേ ബോർഡ് ഹെഡ്ക്വാർട്ടേഴ്സ് ഐജി സർവപ്രിയ മയാങ്ക് അടിയന്തര നിർദേശം നൽകി. നിർദേശത്തിൽ അഞ്ച് സുപ്രധാന കാര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
1. ദീർഘദൂര ട്രെയിനുകളിൽ പുറപ്പെടുന്ന സ്റ്റേഷൻ മുതൽ എത്തിച്ചേരുന്ന സ്റ്റേഷൻ വരെ കൊമേഴ്സ്യൽ സ്റ്റാഫിന്റെ സാന്നിധ്യം ഉറപ്പാക്കി ലേഡീസ് കോച്ചുകളിൽ ആർപിഎഫ് പരിശോധന നടത്തണം. റിസർവേഷൻ കോച്ചുകളിലും സമാനമായ ആർപിഎഫ് പരിശോധന എല്ലാ ദിവസവും വേണം. പിടി കൂടുന്നവർക്കെതിരേ പരമാവധി ശിക്ഷാ നടപടികളും ഉണ്ടാകണം.
2. റിസർവേഷൻ കോച്ചുകളിൽ അനധികൃത യാത്ര അനുവദനീയമല്ല എന്ന കാര്യത്തിൽ പ്രധാന സ്റ്റേഷനുകളിലടക്കം ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണം. മൈക്ക് അനൗൺസ്മെൻ്റ്, ലഘുലേഖ വിതരണം, മറ്റ് രീതിയിലുള്ള മുന്നറിയിപ്പുകൾ തുടങ്ങിയവ ബോധവത്ക്കരണ ത്തിനായി പ്രയോജനപ്പെടുത്താം.
3. ദീർഘദൂര ട്രെയിനുകളിലെ വനിതാ കമ്പാർട്ടുമെന്റുകളിലും അംഗപരിമിതരുടെ കോച്ചുകളിലും ഇടവിട്ട് ആർപിഎഫ് പരിശോധനയുടെ ഭാഗമായി വീഡിയോ -ഫോട്ടോ ചിത്രീകരണം നടത്തി അവ രേഖകളായി സൂക്ഷിക്കണം.4. നിയമലംഘനങ്ങളും ഇതര കുറ്റകൃത്യങ്ങളും സംബന്ധിച്ച് ലഭിക്കുന്ന പരാതികൾ കൃത്യമായി പരിശോധിച്ച് നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ പരിഹാര നടപടികൾ നിർബന്ധമായും സ്വീകരിക്കണം.
5. പരിശോധനകളും അതിന്മേൽ സ്വീകരിച്ച നടപടികളും സംബന്ധിച്ച് റെയിൽവേ ബോർഡ് സെക്യൂരിറ്റി കൺട്രോൾ വിഭാഗത്തിന് പ്രതിദിന റിപ്പോർട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകണം. ഓരോ ദിവസത്തെയും റിപ്പോർട്ട് പിറ്റേദിവസം വൈകുന്നേരം അഞ്ചിന് മുമ്പ് ലഭിക്കണം. ഇതിൽ വീഴ്ച വരുന്നവർക്കതിരേ അച്ചടക്ക നടപടിയും ഉണ്ടാകും.
എസ്.ആർ. സുധീർ കുമാർ