മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ വിമാന യാത്രക്കാരനിൽനിന്നു പോലീസ് ഒരു കിലോയിലധികം സ്വർണം പിടികൂടി. ബാലുശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി. ജംഷീറിൽനിന്നാണ് 75 ലക്ഷത്തോളം രൂപ വരുന്ന സ്വർണം പിടികൂടിയത്.
വിമാനത്താവള പരിസരത്തുനിന്നാണ് ഒരു കിലോയിലധികം സ്വർണവുമായി യാത്രക്കാരനെ വിമാനത്താവള പോലീസും സ്ക്വാഡും ചേർന്നു പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദോഹയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ജംഷീർ.
കസ്റ്റംസിന്റെ വിശദമായ പരിശോധനയ്ക്ക് ശേഷം നാലോടെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നിയതിനെ തുടർന്നു പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1124 ഗ്രാം ഉണ്ടായിരുന്നു. വേർതിരിച്ചെടുത്തപ്പോൾ 1045 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 74,87,000 രൂപ വരും. സ്വർണവും യാത്രക്കാരനെയും പിന്നീട് വിമാനത്താവളത്തിലെ കസ്റ്റംസിന് കൈമാറി.
ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവള പരിസരത്തുനിന്ന് അടുത്തനാളിൽ നിരവധി തവണ പോലീസ് സ്വർണക്കടത്തുകാരെ പിടികൂടിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് പരിശോധനയാണ് വിമാനത്താവള പരിസരത്ത് നടത്തി വരുന്നത്.