ചാത്തന്നൂർ: എതിരെ വരുന്ന വാഹനങ്ങൾക്ക് കാഴ്ച മറയ്ക്കുന്ന തരത്തിൽ വാഹനങ്ങളിലെ ലൈറ്റുകൾ പ്രകാശിപ്പിക്കരുതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേശ് കുമാർ.ലൈറ്റ് ഡിമ്മും ബ്രൈറ്റും ചെയ്തില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കനത്ത ശിക്ഷ ലഭിക്കുമെന്നും വീഡിയോ സന്ദേശത്തിൽ മന്ത്രി വ്യക്തമാക്കി. മുൻകാലത്ത് ഡ്രൈവർമാർ ഡിമ്മും ബ്രൈറ്റും ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആരും അത് പാലിക്കാറില്ല. ഇത് സംസ്കാരമുള്ള ഡ്രൈവിംഗ് രീതിയല്ല.
ഏത് തരം വാഹനങ്ങളിലായാലും മുൻ ഭാഗത്ത് അലങ്കാര ലൈറ്റുകളോ മുകൾ ഭാഗത്തെ ആഡംബര ലൈറ്റുകളോ അനുവദിക്കില്ല. ടൂറിസ്റ്റ് ബസുകൾക്കും മറ്റും പിൻ ഭാഗത്ത് മറ്റ് വാഹനങ്ങൾക്ക് ഉപദ്രവമുണ്ടാകാത്ത രീതിയിൽ ആകാം. മുൻഭാഗത്ത് കമ്പിനികൾ സ്ഥാപിച്ചിട്ടുള്ള ലൈറ്റുകളെ ആകാവൂ. ഇതിൽ ലെൻസ് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ ഗുരുതരമായ കുറ്റകൃത്യമായി പരിഗണിക്കും.
ഇത്തരം ആഡംബരങ്ങൾ സ്വയം ഇളക്കി മാറ്റുന്നതാണ് നല്ലത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരോ പോലീസോ ഇത് നീക്കം ചെയ്താൽ ഡാമേജ് സംഭവിക്കാൻ സാധ്യതയുണ്ട്. അതിന് അവസരം ഒരുക്കരുത്. കനത്ത ശിക്ഷയും വാങ്ങരുത്.ശബ്ദമലീനികരണമുണ്ടാക്കുന്ന എയർ ഹോണുകൾ അനുവദിക്കില്ല. കെ എസ് ആർടിസി എയർ ഹോൺ ഒഴിവാക്കിയിട്ടുണ്ട്.
എല്ലാ വാഹന ഉടമസ്ഥരും എയർ ഹോൺ ഒഴിവാക്കണം. ഇല്ലെങ്കിൽ വലിയ ശിക്ഷയായിരിക്കും കാത്തിരിക്കുന്നത്. ബൈക്കുകളിൽ അമിത ശബ്ദത്തിന് വേണ്ടി മാറ്റങ്ങൾ വരുത്തരുത്. ഏത് തരം വാഹനത്തിലായാലും ഇത് അനുവദിക്കില്ല.
ഡ്രൈവിംഗ്അച്ചടക്കം പാലിക്കുന്നതിൽ കേരളീയർഏറ്റവും പിന്നിലാണെന്നും നിയമലംഘനം നടത്തുന്നതിൽ ഏറ്റവും മുന്നിലാണെന്നും വീഡിയോ സന്ദേശത്തിലൂടെ മന്ത്രി വ്യക്തമാക്കുന്നു.
നിയമങ്ങൾ പാലിച്ചേ മതിയാവൂ. അപകടങ്ങൾ കുറച്ച് ജീവനുകൾ രക്ഷിക്കണം. നിലവിൽ ഉള്ള നിയമങ്ങൾ അനുസരിക്കണം. കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുമുണ്ട്. നാല് വോട്ടിന് വേണ്ടി ഗതാഗത നിയമലംഘനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രദീപ് ചാത്തന്നൂർ