തിരുവനന്തപുരം: ആദ്യ മൂന്ന് അലോട്ട്മെന്റുകളും പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്ലസ് വണ്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയത് 2,68,192 വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ഈ അധ്യയന വര്‍ഷം ആകെ പ്രവേശനം തേടി അപേക്ഷിച്ചത് 4,21,661 വിദ്യാര്‍ഥികളാണ്. മെറിറ്റ് സീറ്റില്‍ 2.68 ലക്ഷം വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ സ്പോര്‍ട്സ് ക്വാട്ടയില്‍ 4,336 വിദ്യാര്‍ഥികളും കമ്യൂണിറ്റി ക്വാട്ടയില്‍ 18,750, മാനേജ്മെന്റ് ക്വാട്ടയില്‍ 15,474 വിദ്യാര്‍ഥികളുമാണ് പ്രവേശനം നേടിയത്.
സംസ്ഥാനത്തെ അണ്‍എയ്ഡഡ് സ്കൂളുകളില്‍ ഇതുവരെ 9,049 വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയപ്പോള്‍ മോഡല്‍ റസിഡന്‍ഷല്‍ സ്കൂളില്‍ പ്രവേശനം ലഭിച്ചത് 868 വിദ്യാര്‍ഥികള്‍ക്കാണ്. ഇവയെല്ലാം ചേര്‍ത്ത് നിലവിലെ മൂന്ന് അലോട്ട്മെന്റ് പൂര്‍ത്തിയായപ്പോള്‍ ആകെ 3,16,669 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി. മുഖ്യഘട്ട അലോട്ട്മെന്റിനു ശേഷമുള്ള രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളിലായി ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം.
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കു പ്രകാരം മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷിച്ച 74,840 വിദ്യാര്‍ഥികളില്‍ മുഖ്യഘട്ടത്തില്‍ മെറിറ്റ് സീറ്റില്‍ 44,335ഉം സ്പോർട്സ് ക്വാട്ടയില്‍ 875ഉം കമ്യൂണിറ്റി ക്വാട്ടയില്‍ 2990ഉം മാനേജ്മെന്റ് ക്വാട്ടയില്‍ 912 ഓളം വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആകെ 49,906 വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.
മലപ്പുറത്ത് സര്‍ക്കാര്‍-എയ്ഡഡ് സീറ്റുകളിലായി ഇനിയും നികത്താനുള്ളത് 11,083 സീറ്റുകളാണ്. അണ് എയ്ഡഡ് സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ മലപ്പുറത്ത് 2,954 സീറ്റുകളുടെ കുറവ് മാത്രമാണ് ഉള്ളതെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം.