കോന്നി: സ്റ്റെയര്കെയ്സിൽകളിക്കുന്നതിനിടെ വിടവിലൂടെ മുറ്റത്തേക്കു വീണ രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം. കോന്നി മങ്ങാരം മാങ്കുളം പള്ളി മുരുപ്പേല്‍ ഷെമീര്‍, സബീന ദമ്പതികളുടെ മകള്‍ അഫ്റ മറിയമാണ് മരിച്ചത്.
ഇന്നലെ രാവിലെ 11.45 ഓടെയാണ് സംഭവം. വീടിനു മുകളിലത്തെ നിലയില്‍ കയറാനായി പുറത്തുകൂടി നിര്‍മിച്ച ഇരുമ്പു കോണിപ്പടിയുടെ മുകള്‍ഭാഗത്ത് കളിക്കുന്നതിനിടെയാണ് കൈവരിയുടെ വിടവിലൂടെ അഫ്റ മുറ്റത്തേക്ക് വീണത്.
വീട്ടുമുറ്റത്ത് വസ്ത്രങ്ങള്‍ കഴുകുകയായിരുന്ന അമ്മ സബീന, കുട്ടി മുകളില്‍ നില്ക്കുന്നതു കണ്ട് താഴേക്ക് ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.
താഴേക്ക് വരുന്നതിനിടെ കാല്‍വഴുതി വിടവിലൂടെ താഴേക്കു വീഴുകയായിരുന്നുവെന്ന് കരുതുന്നു. ശബ്ദം കേട്ട് ഓടിയെത്തി കോന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം ഇന്ന് കുമ്മണ്ണൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സഹോദരങ്ങള്‍: ആദിലാ ഫാത്തിമ, അഥീന ഫാത്തിമ.