സെന്റ് ലൂസിയ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ നിർണായ പോരാട്ടത്തിന് ഇന്ത്യ ഇന്നു കളത്തിൽ. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയയാണ്. സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഓസ്ട്രേലിയയ്ക്കും ഇന്ന് ജയം അനിവാര്യം.
സമ്മർദം ഓസീസിന്
അഫ്ഗാനിസ്ഥാനോടു പരാജയപ്പെട്ട ഓസ്ട്രേലിയ സെമി ഫൈനൽ കാണാതെ പുറത്താകാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യയോട് ഇന്നു പരാജയപ്പെട്ടാൽ ഓസ്ട്രേലിയയുടെ വഴി ഏകദേശം അടയും.
നാളെ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരം. ബംഗ്ലാദേശിനെ കീഴടക്കിയാൽ അഫ്ഗാനിസ്ഥാന് സെമിയിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ നെറ്റ് റണ്‍റേറ്റിന്റെ കണക്ക് നോക്കിയിരിക്കാതെ ജയത്തോടെ സെമിയിൽ പ്രവേശിക്കാനാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ശ്രമം.
ഇന്ത്യ ഇന്ന് പരാജയപ്പെട്ടാൽ ഓസ്ട്രേലിയയ്ക്കും നാല് പോയിന്റാകും. ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാൻ കീഴടക്കിയാൽ അവരും നാലു പോയിന്റിലെത്തും. അതോടെ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനമാക്കിയാകും സെമിയിലേക്ക് ആരെല്ലാമെന്ന് നിശ്ചയിക്കാൻ സാധിക്കുക. മറിച്ച് ഇന്ത്യ ഇന്ന് തോൽക്കുകയും നാളെ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുകയും ചെയ്താൽ സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിൽനിന്ന് ഇന്ത്യയും ഓസ്ട്രേലിയയും സെമിയിലേക്ക് മുന്നേറും.
സ്റ്റാർക്ക് വന്നേക്കും
ഇന്ത്യക്കെതിരേ ഇന്നു നടക്കുന്ന മത്സരത്തിനായി മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ തിരിച്ചു വിളിച്ചേക്കും. അഫ്ഗാനിസ്ഥാനെതിരേ സ്റ്റാർക്ക് കളിച്ചിരുന്നില്ല. അതേസമയം, ഇന്ത്യ പ്ലേയിംഗ് ഇലവനിൽ മാറ്റംവരുത്താനുള്ള സാധ്യത കുറവാണ്.
സഞ്ജു സാംസണും യശസ്വി ജയ്സ്വാളും പുറത്തുതന്നെ ഇരിക്കേണ്ടിവരുമെന്നു ചുരുക്കം. ട്വന്റി-20യിൽ ഇരുടീമും ഇതുവരെ ആകെ 31 തവണ ഏറ്റുമുട്ടി,19 ജയം ഇന്ത്യ സ്വന്തമാക്കി. ട്വന്റി-20 ലോകകപ്പിൽ അഞ്ചു തവണ ഏറ്റുമുട്ടിയതിൽ മൂന്ന് ജയം ഇന്ത്യക്കാണ്.
ദക്ഷിണാഫ്രിക്ക
ഇന്ത്യൻ സമയം ഇന്ന് രാവിലെ ആറിനു നടക്കുന്ന സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിലെ മത്സരത്തിൽ ദക്ഷിണാഫ്രിക്കയും വെസ്റ്റ് ഇൻഡീസും ഏറ്റുമുട്ടും. കളിച്ച രണ്ട് മത്സരത്തിലും ജയം നേടിയ ദക്ഷിണാഫ്രിക്കയാണ് കരുത്തർ. അതേസമയം, ദക്ഷിണാഫ്രിക്കയെ കീഴടക്കിയാൽ സെമിയിൽ എത്താനുള്ള സാധ്യത വെസ്റ്റ് ഇൻഡീസിനുമുണ്ട്.