കായംകുളം: ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. ദേശീയപാതയിൽ കമലാലയം ജംഗ്ഷനു തെക്കുവശം ലോട്ടറി വിൽപ്പനക്കാരിയായ മായയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത കേസിലാണ് കൊല്ലം പുനലൂർ കരവാളൂർ വ്ളാത്തൂർ വീട്ടിൽനിന്നു കൊല്ലം ചന്ദനത്തോപ്പ് പി. ഓയിൽ മേക്കോൺ ജംഗ്ഷന് കിഴക്കുവശം മുംതാസ് ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജ് (53) ആണ് കായംകുളം പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജൂൺ ഏഴിന് രാവിലെ 11നാണ് സംഭവം. സംസ്ഥാന സർക്കാരിന്റെ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റാണെന്ന് മായയെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം ഇയാൾ സമ്മാന തുകയായ 10,000 രൂപ ലഭിക്കുന്നതിനുവേണ്ടി സമ്മാനാർഹമായ നമ്പർ വ്യാജമായി ചമച്ച് അസലാണെന്ന് പറഞ്ഞ് ലോട്ടറി വിൽപ്പനക്കാരിയെ ഏൽപ്പിക്കുകയായിരുന്നു.
ആറായിരം രൂപ പണമായി വാങ്ങിയശേഷം 2000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും വാങ്ങി. ബാക്കി തുക പിന്നീട് വാങ്ങിക്കൊള്ളാമെന്നും പറഞ്ഞ് പ്രതിയായ ഷാജ് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ലോട്ടറി വിൽപ്പനക്കാരിയുടെ പരാതിയിൽ കേസെടുത്ത പോലീസ് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
കായംകുളം എസ്ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ പോലീസുദ്യോഗസ്ഥരായ അഖിൽ മുരളി, പ്രദീപ്, അനൂപ്, ശ്രീനാഥ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.