തമിഴ്നാട് തിരുപ്പത്തൂര്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളില്‍ കഴിഞ്ഞദിവസം ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തി. വന്നത് മനുഷ്യനല്ല, ഒരെമണ്ടൻ പുലി! പ്രവൃത്തിസമയത്ത് സ്കൂൾ വളപ്പിലെത്തിയ പുലി ജീവനക്കാരനെ ആക്രമിച്ചു.
ഞൊടിയിടയിൽ വിദ്യാര്ഥികളെയെല്ലാം ക്ലാസ് മുറിയില്‍ കയറ്റി അധ്യാപകർ പൂട്ടിയതിനാൽ വൻ ദുരന്തം ഒഴിവായി. തിരുപ്പത്തൂർ കളക്ടറേറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മേരി ക്വീന്‍ മെട്രിക്കുലേഷന്‍ സ്കൂളിലായിരുന്നു ഞെട്ടലുണ്ടാക്കിയ സംഭവം.
വിവരമറിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞില്ല. പുലി സ്കൂളിൽനിന്നു രക്ഷപ്പെട്ടതോടെ നഗരവാസികൾ പരിഭ്രാന്തരായി.
തിരുപ്പത്തൂരിനു ചുറ്റും സമൃദ്ധമായി ചന്ദനമരങ്ങൾ വളരുന്ന കുന്നുകളുണ്ട്. ഇവിടെനിന്നാവും പുലിയെത്തിയതെന്നു സംശയിക്കുന്നു. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള ജനവാസ കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പത്തൂർ.