തൊടുപുഴ: മലയാളത്തിന്റെ പ്രിയതാരം ചേർത്തു പിടിച്ചതിന്റെ ആഹ്ലാദവും അദ്ഭുതവും ഏലിക്കുട്ടിയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ഇഷ്ട താരമായ മോഹൻലാലുമായി ഏലിക്കുട്ടിയുടെ ഒത്തുചേരൽ. വീടിനടുത്ത് സിനിമാ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നും നായകൻ മോഹൻലാലാണെന്നും അറിഞ്ഞപ്പോഴാണ് 93 കാരിയായ തൊടുപുഴ കുമാരമംഗലം പയ്യാവ് പാറയ്ക്കൽ ഏലിക്കുട്ടിക്ക് താരത്തെ കാണണമെന്ന് ആഗ്രഹമുദിച്ചത്.
എന്നാൽ കാണുക മാത്രമല്ല ഇഷ്ട താരം നെഞ്ചോട് ചേർത്ത് പിടിച്ച് ഏറെ നേരം കുശലാന്വേഷണം നടത്തിയതിന്റെ സന്തോഷത്തിലാണ് ഏലിക്കുട്ടി. സംഭവം സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ ഏലിക്കുട്ടിയും നാട്ടിലെ താരമായി.മോഹൻലാലിന്റെ സിനിമകൾ ഒന്നുപോലും വിടാതെ കാണുന്നയാളാണ് ഏലിക്കുട്ടി.
തരുണ് മൂർത്തി സംവിധാനം ചെയ്യുന്ന ശോഭനയുമൊന്നിച്ചുള്ള പേരിടാത്ത ചിത്രത്തിന്റെ ചിത്രീകരണത്തിനാണ് മോഹൻലാൽ ഏലിക്കുട്ടിയുടെ വീടിന് സമീപമെത്തിയത്. മോഹൻലാൽ ഷൂട്ടിംഗ് സെറ്റിൽ ഉണ്ടെന്നറിഞ്ഞ് ഏലിക്കുട്ടി ഇവിടെയെത്തി.
ആദ്യദിവസം ഷൂട്ടിംഗ് കഴിഞ്ഞിറങ്ങി വരുന്പോൾ താരത്തെ കണ്ട ഏലിക്കുട്ടി ഇതാണോ മോഹൻലാൽ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം തന്നെ മറുപടി പറഞ്ഞു. അതേ ഞാനാണ് മോഹൻലാൽ. പിന്നാലെ പോരുന്നോ എന്റെ കൂടെ എന്ന ചോദ്യവും. രണ്ട് മാസം മുന്പ് നടന്ന ഈ സംഭവം സമൂഹമാധ്യമങ്ങളേറ്റെടുത്തു.
വീണ്ടും ഇതേ സ്ഥലത്ത് ഷൂട്ടിനെത്തിയപ്പോഴാണ് മോഹൻലാലിനെ കാണാൻ ഏലിക്കുട്ടി ഓടിയെത്തിയത്. ചിത്രീകരണം കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുന്പോൾ ഏലിക്കുട്ടിയെയും ലാൽ കൂടെ കൂട്ടി വിശേഷങ്ങൾ തിരക്കി. ഇവിടത്തെ ഷൂട്ടിംഗ് കഴിഞ്ഞെന്ന് മോഹൻലാൽ പറഞ്ഞപ്പോൾ ഇന്ന് മടങ്ങിപ്പോകുമോയെന്ന് ഏലിക്കുട്ടി ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം.
ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വിഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്. വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഏലിക്കുട്ടിയെ സന്തോഷത്തോടെ മോഹൻലാൽ യാത്രയാക്കിയത്. തൊടുപുഴയിൽ ആശിർവാദ് തിയേറ്റർ ആരംഭിച്ചപ്പോൾ മോഹൻലാൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച് സിനിമ കാണാൻ ഏലിക്കുട്ടി പോകുമായിരുന്നു.
മോഹൻലാലിനെ ആദ്യം കണ്ടതിന് ശേഷം എല്ലാ ദിവസവും സെറ്റിൽ പോകുമായിരുന്നെന്ന് ഏലിക്കുട്ടി പറഞ്ഞു. രണ്ടാം ദിവസം ചെന്നപ്പോൾ ചായയൊക്കെ തന്നു.താൻ തരുന്നതൊക്കെ കഴിക്കുമോന്ന് ചോദിച്ചപ്പോൾ എന്ത് തന്നാലും കഴിച്ചോളാമെന്നായിരുന്നു ലാലിന്റെ മറുപടി. വീട്ടിൽ വന്നാൽ താറാവ് കറിയും മുട്ടയുമൊക്കെ കൊടുക്കാമെന്ന് പറഞ്ഞു.
ഒരുദിവസം മോഹൻലാൽ പറഞ്ഞു, അടുക്കളയിൽ വന്ന് എനിക്ക് ചോറുവിളന്പി തരണം. പക്ഷേ പോകാൻ പറ്റിയില്ലെന്ന് ഏലിക്കുട്ടി പറയുന്നു.മോഹൻലാൽ കഴിഞ്ഞാൽ തമിഴ്നടൻ വിജയ് ആണ് ഇഷ്ട നടൻ. ഭർത്താവ് ജോണ്, മകൾ ആലീസ്, പേരക്കുട്ടി അപ്പു എന്നിവർക്കൊപ്പമാണ് ഏലിക്കുട്ടി താമസിക്കുന്നത്.